അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ വെള്ളം കുടിപ്പിച്ചുവെങ്കിലും ഇമാദ് വസീമിന്റെ വീരോചിതമായ ബാറ്റിംഗിന്റെ ബലത്തില്‍ 3 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ഇമാദ് വസീം പുറത്താകാതെ നിന്ന് നേടിയ 49 റണ്‍സിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ഈ ജയം നേടിയത്. നിര്‍ണ്ണായക ഇന്നിംഗ്സുമായി വഹാബ് റിയാസും തിളങ്ങി. 9 പന്തില്‍ നിന്ന് 15 റണ്‍സാണ് റിയാസ് നേടിയത്. ഇരുവരും ചേര്‍ന്ന് 18 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയാണ് 49.4 ഓവറില്‍ പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.
ഇന്നിംഗ്സിന്റെ 46ാം ഓവറില്‍ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ ഓവറില്‍ 18 റണ്‍സ് നേടിയതോടെയാണ് പാക്കിസ്ഥാന്‍ വീണ്ടും ജയ സാധ്യത പുലര്‍ത്തിയത്. ഇമാദ് വസീമിന്റെ ക്യാച്ച് ആ ഓവറില്‍ അഫ്ഗാനിസ്ഥാന്‍ നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ മത്സരം ഏറെക്കുറെ അഫ്ഗാനിസ്ഥാന്‍ കൈവിടുകയായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും 42 റണ്‍സ് വീതം നേടിയാണ് 227 റണ്‍സെന്ന സ്കോറിലേക്ക് എത്തിച്ചത്.
ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ മുജീബ് ഫകര്‍ സമനെ പുറത്താക്കിയ ശേഷം ഇമാം-ബാബര്‍ കൂട്ടുകെട്ട് കരുതലോടെയാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഇരു താരങ്ങളെയും തന്റെ രണ്ട് ഓവറിനുള്ളില്‍ പുറത്താക്കി മുഹമ്മദ് നബി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഇമാം 36 റണ്‍സും ബാബര്‍ അസം 45 റണ്‍സുമാണ് നേടിയത്. 72 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.
പിന്നീട് മുഹമ്മദ് ഹഫീസിനെ(19) മുജീബ് പുറത്താക്കിയപ്പോള്‍ ഹാരിസ് സൊഹൈലിനെ(27) വീഴ്ത്തി റഷീദ് ഖാനും ഒപ്പം കൂടി. 18 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹമ്മദ് റണ്ണൗട്ട് കൂടിയായപ്പോള്‍ പാക്കിസ്ഥാന്റെ നില പരിതാപകരമായി. ഇമാദ് വസീം-ഷദബ് ഖാന്‍ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ ഒത്തുകൂടി ബാറ്റ് വീശി ലക്ഷ്യം അവസാന ആറോവറില്‍ 48 ആക്കി കുറയ്ക്കുകയായിരുന്നു.
ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ 46ാം ഓവറില്‍ 18 റണ്‍സ് നേടി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നുവെങ്കിലും അടുത്ത ഓവറില്‍ ഷദബ് ഖാനെ അവര്‍ക്ക് നഷ്ടമായി. 50 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് ഷദബ് ഖാന്‍ റണ്‍ഔട്ട് ആയതോടെ തകര്‍ക്കപ്പെടുകയായിരുന്നു. 11 റണ്‍സാണ് ഷദബ് ഖാന്‍ നേടിയത്. മറുവശത്ത് പാക്കിസ്ഥാന്‍ പ്രതീക്ഷകളെല്ലാം ഇമാദ് വസീമില്‍ നിക്ഷിപ്തമായിരുന്നു.
അവസാന മൂന്നോവറില്‍ 18 റണ്‍സ് മാത്രമായിരുന്നു പാക്കിസ്ഥാന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 3 വിക്കറ്റും. അടുത്ത രണ്ട് ഓവറുകളെറിഞ്ഞ മുജീബിനെയും റഷീദ് ഖാനെയും വിക്കറ്റ് നഷ്ടമില്ലാതെ സ്കോര്‍ ചെയ്ത് പാക്കിസ്ഥാന്‍ അവസാന ഓവറില്‍ വിജയത്തിനായി ആറ് റണ്‍സാക്കി ചുരുക്കി.
മുഹമ്മദ് നബിയും മുജീബ് ഉര്‍ റഹ്മാനുമെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും ഗുല്‍ബാദിന്‍ നൈബിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്. ചരിത്ര കുറിച്ചേക്കാവുന്ന വിജയം കൈവിട്ടതിനു ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ നൈബ് തന്നെയാണ് ബാദ്ധ്യസ്ഥന്‍.