മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച പ്രതിഭയുമായ ഐ എം വിജയൻ ഇനി എ ഐ എഫ് എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ. ഇത്തവണ എ ഐ എഫ് എഫ് കമ്മിറ്റിയിൽ ആറ് മുൻ താരങ്ങളെ ഉൾപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇതിൽ ഐ എം വിജയനും ഉൾപ്പെട്ടിട്ടുണ്ട്. ഐ എം വിജയൻ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബെയ്ചുങ് ബൂട്ടിയ, ഗോവൻ താരം ക്ലൈമാക്സ് ലോറൻസ്, മുൻ താരവും പരിശീലകനുമായ ഷബീർ അലി. പിങ്കി ബോംബാൽ മഗർ, തൊങം തബാബി ദേവി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇടം നേടിയ ആറ് താരങ്ങൾ.
ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ഇതിഹാസ താരം ബെയ്ചുങ് ബൂട്ടിയയെ വലിയ മാർജിനിൽ തോൽപ്പിച്ച് കൊണ്ട് കല്യാൺ ചോബെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. AIFF പ്രസിഡന്റ് ആകുന്ന ആദ്യ ഫുട്ബോൾ താരമാണ് കല്യാൺ ചോബെ. 34 വോട്ടുകളിൽ 33 വോട്ടുകളും കല്യാൺ ചോബെക്ക് ആണ് ലഭിച്ചത്.
ബി ജെ പി നേതാവ് കൂടിയായ കല്യാൺ ചൗബേക്ക് തന്നെ ആയിരുന്നു എല്ലവരും സാധ്യതകൾ കൽപ്പിച്ചിരുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നടന്ന വോട്ടിങിൽ 29 വോട്ടുകളുമായി എൻ എ ഹാരിസ് വിജയിച്ചു. ട്രഷറർ ആയി 32 വോട്ടുകൾ നേടിയ അജയ് കിപയും തിരഞ്ഞെടുക്കപ്പെട്ടു.