ഐ ലീഗിന് ഇന്നാരംഭം, കേരളത്തിന്റെ പ്രതീക്ഷകളുമായി ഗോകുലം ഇറങ്ങുന്നു

Newsroom

ഐ ലീഗ് സീസണ് ഇന്ന് തുടക്കമാകും. ഇന്ന് രണ്ട് മത്സരങ്ങളാണ് ഐ ലീഗിൽ നടക്കുന്നത്. ആദ്യ മത്സരത്തിൽ ഐസാളും മോഹൻ ബഗാനുമാണ് നേർക്കുനേർ വരുന്നത്. രണ്ടാം മത്സരത്തിൽ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരള എഫ് സി നെരോക എഫ് സിയെ നേരിടും. കോഴിക്കോട് വെച്ച് വൈകിട്ട് 7 മണിക്കാണ് ഗോകുലം കേരള എഫ് സിയുടെ മത്സരം നടക്കുന്നത്.

ഇത്തവണ ഒരുപാട് പ്രതീക്ഷകളുമായാണ് ഗോകുലം കേരള എഫ് സി ഐ ലീഗിന് ഇറങ്ങുന്നത്. കിരീടം തന്നെ നേടാൻ ആകുമെന്നാണ് വരേല പരിശീലിപ്പിക്കുന്ന ടീം വിശ്വസിക്കുന്നത്. ഡ്യൂറണ്ട് കപ്പിൽ കിരീടം നേടാൻ ആയതും ബംഗ്ലദേശിൽ നടന്ന ഷെയ്ക് കമാൽ കപ്പിൽ ഗംഭീര പ്രകടനം നടത്താൻ ആയതും ഗോകുലം കേരള എഫ് സിയിൽ ആരാധകർക്കുള്ള പ്രതീക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

ക്യാപ്റ്റൻ മാർക്കസിന്റെ മികച്ച ഫോം ഗോകുലത്തിന് കരുത്താകും. ഈ ഐലീഗ് സീസണിൽ ടോപ്പ് സ്കോറർ ആകാൻ ആവുമെന്ന ഉറപ്പിലാണ് മാർക്കസ് ഇറങ്ങുന്നത്. മാർക്കസിനൊപ്പം ഹെൻറി കിസേകയും ഗോകുലം അറ്റാക്കിൽ ഉണ്ട്. ജിതിൻ എം എസ് പോലുള്ള യുവമലയാളി താരങ്ങളുടെ പ്രകടനം കാണാനും മലയാളികൾ കാത്തിരിക്കുകയാണ്. മത്സരം തത്സമയം ഡി സ്പോർടിൽ കാണാൻ ആകും.