ഈ സീസണിലെ ഐലീഗും കൊൽക്കത്തയിൽ തന്നെ നടക്കും. മുഴുവൻ ലീഗ് മത്സരങ്ങളും കൊൽക്കത്തയിൽ വെച്ച് നടത്താൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ കാരണം ഉയർന്നു വന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. കഴിഞ്ഞ സീസണിലും കൊൽക്കത്തയിൽ വെച്ചായിരുന്നു ഐ ലീഗ് നടന്നിരുന്നത്. കഴിഞ്ഞ സീസണിലെ സമാന രീതിയിൽ ആകുൻ കളികൾ നടക്കുക.
എല്ലാ ടീമും ഒരു തവണ ആദ്യം പരസ്പരം ഏറ്റുമുട്ടിയ ശേഷം രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച് കിരീടത്തിനായും റിലഗേഷൻ ഒഴിവാക്കാനായും പോരാട്ടം നടക്കും. ഇത്തവണ 13 ടീമുകൾ ലീഗിൽ ഉണ്ടാകും. കഴിഞ്ഞ സീസണിലെ 11 ടീമുകളും ഒപ്പം ശ്രീനിധി എഫ് സിയും പിന്നെ സെക്കൻഡ് ഡിവിഷൻ വിജയിച്ച് വരുന്ന ടീമും ആകും ലീഗിന് ഉണ്ടാവുക. സെക്കൻഡ് ഡിവിഷൻ ഐ ലീഗും കൊൽക്കത്തയിൽ വെച്ചാകും നടക്കുക. സെക്കൻഡ് ഡിവിഷനിൽ 10 ടീമുകൾ മാറ്റുരയ്ക്കും. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ഐ ലീഗ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിൽ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.