യു.എസ് ഓപ്പൺ കിരീടം നേടി ഇഗ സ്വിറ്റക്. ടുണീഷ്യൻ താരവും അഞ്ചാം സീഡും ആയ ഒൻസ് യാബ്യുറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു ആണ് ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം കിരീടം ഉയർത്തിയത്. ഓപ്പൺ യുഗത്തിൽ യു.എസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ പോളണ്ട് താരമായ ഇഗ കരിയറിലെ മൂന്നാം ഗ്രാന്റ് സ്‌ലാം കിരീടം ആണ് നേടിയത്. 2020, 2022 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ നേടിയ 21 കാരിയായ ഇഗക്ക് ഇത് ഫ്രഞ്ച് ഓപ്പണിനു പിറകെ ഇത് ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം കൂടിയാണ്.
കഴിഞ്ഞ കളിച്ച 18 ഫൈനലുകളിലും നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച ഇക്കുറിയും ആ പതിവ് തുടർന്നു. ആദ്യ സെറ്റിൽ ഇഗയുടെ ആധിപത്യം ആണ് കാണാൻ ആയത്. ഇരട്ട ബ്രേക്ക് കണ്ടത്തിയ ഇഗ 6-2 നു സെറ്റ് സ്വന്തം പേരിൽ കുറിച്ചു. രണ്ടാം സെറ്റ് കൂടുതൽ നാടകീയം ആയിരുന്നു. ആദ്യം തന്നെ സെറ്റിൽ ഇഗ ബ്രേക്ക് കണ്ടത്തിയെങ്കിലും ഒൻസ് ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് 2 തവണ കൂടി ബ്രേക്ക് വഴങ്ങിയ ഒൻസ് രണ്ടു തവണയും ബ്രേക്ക് തിരിച്ചു പിടിച്ചു.
തന്റെ സർവീസിൽ ചാമ്പ്യൻഷിപ്പ് പോയിന്റ് രക്ഷിച്ച ഒൻസ് രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് കൊണ്ടു പോയി. എന്നാൽ ടൈബ്രേക്കറിൽ പതുക്കെ ഇഗ ആധിപത്യം കണ്ടത്തി. ഒടുവിൽ ഒരിക്കൽ കൂടി ചാമ്പ്യൻഷിപ്പ് പോയിന്റ് കണ്ടത്തിയ ഇഗ സെറ്റ് 7-6(7-5) എന്ന സ്കോറിന് സ്വന്തം പേരിൽ കുറിച്ചു യു.എസ് ഓപ്പൺ കിരീടം സ്വന്തമാക്കി. ഈ വർഷം ഇഗ നേടുന്ന രണ്ടാമത്തെ ഗ്രാന്റ് സ്‌ലാം കിരീടം ആണ് ഇത്. അതേസമയം ഈ വർഷം വിംബിൾഡൺ ഫൈനലിൽ തോറ്റ ഒൻസിന് യു.എസ് ഓപ്പൺ ഫൈനലിലും പരാജയം തന്നെ നേരിടേണ്ടി വന്നു.