ബോള്‍ ഷൈന്‍ ചെയ്യാന്‍ തുപ്പല്‍ ഉപയോഗിക്കരുതെന്ന ഐസിസിയുടെ തീരുമാനത്തിന് പിന്നിലെ കാരണം തനിക്ക് മനസ്സിലാകുന്നില്ല

Sports Correspondent

പേസ് ബൗളര്‍മാര്‍ പന്ത് സ്വിംഗ് ചെയ്യാനും ഒരു സൈഡ് ഷൈന്‍ ചെയ്യിക്കുവാനുമായി ഉപയോഗിക്കുന്നത് തുപ്പലാണ്. പണ്ട് കാലം മുതലേ ഇത് ഉപയോഗിച്ച് വരികയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ വ്യാപനം മൂലം ഈ രീതി ഇനി ആവര്‍ത്തിക്കരുത് എന്ന് ഐസിസി ഉടനെ നിയമം പാസാക്കുമെന്നാണ് അറിയുന്നത്. ഈ അടുത്ത നടന്ന സിഇസി മീറ്റിംഗിലാണ് ഈ രീതിയിലൊരു ചര്‍ച്ച ഉയര്‍ന്ന് വന്നത്.

ഇതിന്‍ പ്രകാരം തുപ്പലിന് പകരം വാസലിന്‍ പോലുള്ള സാധനം ഉപയോഗിക്കാമെന്നാണ് ഐസിസിയുടെ അഭിപ്രായം. എന്നാല്‍ ഈ സമീപനത്തിനെ എതിര്‍ത്ത് പല താരങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. വിന്‍ഡീസ് ഇതിഹാസ താരം മൈക്കല്‍ ഹോള്‍ഡിംഗ് ആണ് ഐസിസിയുടെ ഈ ആശയത്തിന് പിന്നിലെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് തുറന്നടിച്ചത്.

വിയര്‍പ്പോ തുപ്പലോ അല്ലാതെ വേറെ വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കുന്നത് ഐസിസി തന്നെ പന്തില്‍ കൃത്രിമം കാണിക്കുവാന്‍ അവസരം നല്‍കുന്നതിന് തുല്യമാണെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. ബയോ സെക്യുര്‍ സാഹചര്യത്തിലാണ് കളി നടത്തുകയെന്ന് ആദ്യം ഇവര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ താരങ്ങള്‍ എല്ലാവരും സെല്‍ഫ്-ഐസൊലേഷനില്‍ കഴിയുകയും രോഗം പിടിപെടാത്തവരുമാകുമെങ്കില്‍ പിന്നെ ഇത് പോലെ ഉപയോഗിച്ചാല്‍ എന്താണ് പ്രശ്നം എന്നും ഹോള്‍ഡിംഗ് ചോദിച്ചു.

അങ്ങനെ അവര്‍ സുരക്ഷിതരല്ലെങ്കില്‍ പിന്നെ ഈ ഒരുക്കങ്ങളെല്ലാ നടത്തുന്നത് അസ്ഥാനത്താണെന്നും ഹോള്‍ഡിംഗ് പറഞ്ഞു. ഇത്തരം സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് ഇത്ര ധൃതി പിടിച്ച് ക്രിക്കറ്റിനായി ആളുകള്‍ ഇറങ്ങുന്നതെന്നും സാഹചര്യം മെച്ചപ്പെട്ട ശേഷം മതിയല്ലോ ക്രിക്കറ്റിന്റെ പുനരാരംഭം എന്നും ഹോള്‍ഡിംഗ് ചോദിച്ചു.