എ സി മിലാനെയും ഇബ്രാഹിമോവിചിനെയും ഈ സീസണിൽ ആർക്കും പിടിച്ചുകെട്ടാൻ കഴിയുന്നില്ല. ഒരിക്കൽ കൂടെ ഇബ്രാഹിമോവിച് താരമായപ്പോൾ മിലാൻ 3 പോയിന്റുമായി സീരി എയിലെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് എവേ മത്സരത്തിൽ ഉഡിനെസെയെ നേരിട്ട മിലാൻ ഒന്നിനെതിരെ രണ്ടു ഗോളികൾക്കാണ് വിജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഇബ്ര തന്നെ താരമായി.
മത്സരത്തിന്റെ 18ആം മിനുട്ടിൽ ഫ്രാങ്കി കിസ്സെ ആയിരുന്നു മിലാന് ലീഡ് നൽകിയത്. ആ ഗോൾ ഒരുക്കിയത് ഇബ്രാഹിമോവിച് ആയിരുന്നു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഉഡിനെസെ സമനില പിടിച്ചു. ഡി പോൾ ആണ് 48ആം മിനുട്ടിൽ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. വിജയ ഗോളിനായി പൊരുതിയ മിലാൻ 83ആം മിനുട്ടിൽ ഇബ്രാഹിമോവിചിന്റെ ഗോളിൽ മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇബ്രാഹിമോവിച് സീരിയിൽ നാലു മത്സരങ്ങളിൽ നിന്നായി ഏഴ് ഗോൾകൾ ഇതോടെ നേടി. ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ഇപ്പോൾ.