പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ മൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി ഹൈദ്രാബാദ് ഹണ്ടേര്‍സ്. ആവേശകരമായ പോരാട്ടത്തില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ 4-3 എന്ന സ്കോറിനാണ് ഹൈദ്രാബാദിലെ ഗാച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ഹൈദ്രാബാദ് ഹണ്ടേര്‍സ് വിജയം കൊയ്തത്. അവസാന മത്സരത്തില്‍ മാത്രമാണ് ഇന്നലെ വിജയികളെ തീരുമാനിക്കാനായത്. മികസഡ് ഡബിള്‍സ് മത്സരത്തില്‍ ഹൈദ്രാബാദിന്റെ സാത്വിക് സായിരാജ്-പിയ സെബാദിയ സഖ്യം ബെംഗളൂരുവിന്റെ കിം സാ രംഗ്-സിക്കി റെഡ്ഢി സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പുരുഷ ഡബിള്‍സില്‍ വിജയം കൊയ്ത് ബെംഗളൂരൂ ആണ് ആദ്യം മുന്നിലെത്തിയത്. മത്തിയാസ് ബോ കിം സാ രംഗ് സഖ്യം ബെംഗളൂരുവിന്റെ മാര്കിസ് കിഡോ യോ യോന്‍ സോംഗിനെ 15-9, 15-10 എന്ന സ്കോറിനു മറികടന്നു. രണ്ടാം മത്സരത്തില്‍ തങ്ങളുടെ ട്രംപ് മാച്ച് ജയിച്ച് ഹൈദ്രാബാദിന്റെ ലീ ഹ്യുന്‍ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തി. 15-7, 15-13 എന്ന സ്കോറിനാണ് ലീ ബെംഗളൂരുവിന്റെ ശുഭാംഗര്‍ ഡേയെ പരാജയപ്പെടുത്തിയത്.
നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ പുരുഷ സിംഗിള്‍സില്‍ ബെംഗളൂരുവിന്റെ നമ്പര്‍ വണ്‍ താരം വിക്ടര്‍ അക്സെല്സെന് സായി പ്രണതിനെ 15-8, 15-10 എന്ന സ്കോറിനു പരാജയപ്പെടുത്തി. ബെംഗളൂരുവിന്റെ ട്രംപ് മാച്ച് ആയിരുന്നു അത്. വനിത സിംഗിള്‍സില്‍ വിജയം നേടി കരോളിന മരിന് ഹൈദ്രാബാദിനെ വീണ്ടും ഒപ്പമെത്തിച്ചു. 15-8, 15-14 എന്ന സ്കോറിനു ക്രിസ്റ്റി ഗില്‍മോറിനെയാണ് മരിന് പരാജയപ്പെടുത്തിയത്.
സ്കോര്‍ 3-3 നു നില്‍ക്കെയാണ് നിര്‍ണ്ണായകമായ മിക്സഡ് ഡബിള്‍സ് മത്സരം ബെംഗളൂരു കൈവിടുന്ന കാഴ്ച കണ്ടത്. 15-11, 15-12 എന്ന സ്കോറിനാണ് ഹൈദ്രാബാദ് വിജയം നേടി ആദ്യ കിരീടം സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial