ഇരുമ്പ് മറക്കുള്ളിലെ ആദ്യ ട്രാക്കായി അറിയപ്പെടുന്ന ഹംഗറിയിലെ ഹങ്കോറിങ്ങിൽ 70 ലാപ്പുകളുടെ തീ പാറുന്ന പോരാട്ടത്തിൽ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പെൻ ഒന്നാമതായി. ഇക്കൊല്ലത്തെ ചാമ്പ്യൻഷിപ്പിൽ 25 പോയിന്റ് കൂടി നേടി ഒന്നാം സ്ഥാനത്ത് തുടർന്ന വെസ്റ്റാപ്പെൻ മനോഹരമായ പ്രകടനമാണ് നടത്തിയത്. പോൾ പൊസിഷനിൽ പത്താം സ്ഥാനത്ത് റേസ് തുടങ്ങിയ വെസ്റ്റാപ്പെൻ ആദ്യ 20 ലാപ്പുകൾ കഴിഞ്ഞപ്പോൾ തന്നെ ആദ്യ അഞ്ച് സ്ഥാനങ്ങൾക്ക് ഒപ്പം എത്തി. 52ആം ലാപ്പിലാണ് ഹാമിൽട്ടനെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. അത് കഴിഞ്ഞു തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നു പറഞ്ഞാൽ അത് തെറ്റാകും. തിരിഞ്ഞു നോക്കി, ആരെയും മുന്നിലേക്ക് വിടാതെയാണ് ഈ റെഡ്ബുൾ ഡ്രൈവർ വിജയിച്ചത്. ഇതിനിടെയിൽ ഒരു വളവിൽ കാർ സ്പിൻ ചെയ്തത് റെഡ്ബുൾ ടീമിൽ ആശങ്ക പരത്തി. പക്ഷെ നേടിയ ലീഡ് കളയാതെ സൂക്ഷിക്കാൻ വെസ്റ്റാപ്പെന് സാധിച്ചു. ഇക്കൊല്ലം ഇത് ഏഴാം തവണയാണ് വെസ്റ്റാപ്പെൻ ഒന്നാമതെത്തുന്നത്.
ഇക്കൊല്ലത്തെ പതിമൂന്നാമത്തെ ഗ്രാൻഡ്‌പ്രിയിൽ മേഴ്‌സിഡിസിന്റെ ഹാമിൽട്ടൻ രണ്ടാം സ്ഥാനത്തും, അവരുടെ തന്നെ റസ്സൽ മൂന്നാം സ്ഥാനത്തും എത്തി. പോൾ പൊസിഷനിൽ ഉണ്ടായിരുന്ന റസ്സൽ ഇടക്ക് പുറകോട്ട് പോയിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ ലീഡ് തിരിച്ചു പിടിച്ചു. ഇക്കൊല്ലം വിരമിക്കുന്ന മുൻകാല ചാമ്പ്യൻ പോയിന്റിനായി പത്താം സ്ഥാനത്തേക്ക് കിണഞ്ഞു മത്സരിച്ചതും ആവേശം നിറഞ്ഞ കാഴ്ചയായി.
കൺസ്ട്രക്ഷൻ ചാമ്പ്യൻഷിപ്പ് പോയിന്റുകളിൽ റെഡ്ബുൾ ലീഡ് കൂട്ടിയപ്പോൾ ഫെറാറിയും മേഴ്സിഡീസും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിറുത്തി. അവസാന ലാപ്പുകളിൽ മഴയുടെ സൂചനയുണ്ടായിരുന്നെങ്കിലും പെയ്തില്ല. F1 റേസിന്റെ സകല ആവേശവും രോമാഞ്ചവും നിറച്ച പ്രകടനമായിരുന്നു ഇന്ന് ഡാന്യൂബ് നദിക്കരയിൽ നടന്നത്. 4.3കിമി നീളമുള്ള ഈ ട്രാക്ക്, ഇക്കൊല്ലം ഇതുവരെ നടന്ന ഗ്രാൻഡ്‌പ്രി മത്സരങ്ങളിൽ ഏറ്റവും സുരക്ഷിതവും ആവേശകരവും ആയ റേസിന് വേദി ആയി എന്ന കാര്യത്തിൽ ഹംഗറിക്ക് സന്തോഷിക്കാം.