പ്രാഥമിക മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 18 പോയിന്റിന്റെയും റണ്‍റേറ്റിന്റെയും ബലത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പ്ലേ ഓഫിലേക്ക് മുംബൈയുടെ കൊല്‍ക്കത്തയ്ക്ക് മേലുള്ള ജയത്തിന്റെ ഔദാര്യത്തില്‍ പ്ലേ ഓഫിലേക്ക് കടന്ന് കൂടിയ സണ്‍റൈസേഴ്സ് മുംബൈയോട് മാത്രമല്ല നന്ദി പറയേണ്ടത്, അത് അവരെ പ്രാഥമിക മത്സരങ്ങളില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ നയിച്ച ഓപ്പണിംഗ് കൂട്ടുകെട്ടിനോട് കൂടിയാണ്.
12 പോയിന്റുള്ള കൊല്‍ക്കത്തയെ അത്രയും തന്നെ പോയിന്റുള്ള സണ്‍റൈസേഴ്സ് മറികടന്നത് +0.577 എന്ന റണ്‍റേറ്റിന്റെ ബലത്തിലാണ്. മുംബൈ ഇന്ത്യന്‍സിനെക്കാളും മികച്ച റണ്‍റേറ്റാണ് ഇത്. മുംബൈയ്ക്ക് +0.421 എന്ന റണ്‍റേറ്റ് മാത്രമാണുള്ളത്. ആദ്യ മത്സരങ്ങളില്‍ ബൈര്‍സ്റ്റോയും വാര്‍ണറും കൂടി നല്‍കിയ വെടിക്കെട്ട് തുടക്കങ്ങളുടെ ബലത്തിലാണ് ഈ പ്ലേ ഓഫ് യോഗ്യ സണ്‍റൈസേഴ്സ് ഉറപ്പിയ്ക്കുന്നത് തന്നെ.
ഇരു താരങ്ങളും തങ്ങളുടെ ദേശീയ ടീമിലേക്ക് മടങ്ങിയെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് വാര്‍ണര്‍ 692 റണ്‍സാണ് നേടിയത്. 10 മത്സരങ്ങള്‍ മാത്രം കളിച്ച ജോണി ബൈര്‍സ്റ്റോ നേടിയത് 445 റണ്‍സാണ്. ഇരുവരും പുറത്തായാല്‍ തകരുന്ന മധ്യനിര കൂടിയാണ് സണ്‍റൈസേഴ്സിന്റേത്. താരങ്ങള്‍ മടങ്ങിയ ശേഷം ജയിച്ച് യോഗ്യത നേടുവാനുള്ള അവസരം കൂടി ടീം കളഞ്ഞ് കുളിച്ചതാണ് പിന്നീട് ഐപിഎലില്‍ കണ്ടത്.
തുടക്കത്തില്‍ ഫോം ഔട്ട് ആയെങ്കിലും 11 മത്സരങ്ങളില്‍ നിന്ന് 314 റണ്‍സ് നേടിയ മനീഷ് പാണ്ടേ ആണ് ഇപ്പോള്‍ ടീമിന്റെ ബാറ്റിംഗ് നെടുംതൂണ്. പ്ലേ ഓഫില്‍ എത്തുന്നതിനു മുമ്പ് കെയിന്‍ വില്യംസണ്‍ ഫോമിലേക്ക് എത്തിയതാണ് ഇപ്പോള്‍ ടീമിന്റെ ആശ്വാസം. എന്നിരുന്നാലും ഈ ബാറ്റിംഗ് നിരയ്ക്ക് പ്ലേ ഓഫില്‍ എന്ത് ചെയ്യാനാകും എന്നതാവും ഹൈദ്രാബാദ് ആരാധകരെ അലട്ടുന്ന ചോദ്യം.