അങ്ങനെ അവസാനം യുവ സെന്റർ ബാക്ക് ഹോർമിപാം ഇന്ത്യൻ സ്ക്വാഡിൽ. സൗഹൃദ മത്സരങ്ങൾക്കായി ആദ്യം പ്രഖ്യാപിച്ച സ്ക്വാഡിൽ ഹോർമിപാം ഉണ്ടായിരുന്നില്ല. പരിക്ക് കാരണം ടീമിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്ന സാഹചര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ഹോർമിയെ സ്റ്റിമാച് ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഹോർമിപാമും നിഖിൽ പൂജാരിയും ആണ് പുതുതായി ഇന്ത്യൻ സ്ക്വാഡിൽ എത്തിയത്. സുരേഷ്, ഗ്ലാൻ മാർടിൻസ് എന്നിവർ പരിക്ക് കാരണം പുറത്തായി.ഹോർമിപാം അർഹിച്ച അവസരമാകും ഇത്. താരം കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഇന്നലെ സ്ക്വാഡിലേക്ക് എഫ് സി ഗോവയുടെ സെന്റർ ബാക്ക് അൻവർ അലിയും ബെംഗളൂരു എഫ് സിയുടെ ഡാനിഷ് ഫാറൂഖും എത്തിയിരുന്നു. അവർ പരിക്കേറ്റ സുനിൽ ഛേത്രിക്കും ആഷിഖ് കുരുണിയനും പകരമാണ് സ്ക്വാഡിൽ എത്തിയത്. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും ആണ് ഇന്ത്യ നേരിടേണ്ടത്.