2023 ലോകകപ്പിലും ഇംഗ്ലണ്ടിനായി കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് ക്രിസ് വോക്സ്. ഇംഗ്ലണ്ടിന്റെ ഏകദിന ടീമിലെ ബൗളിംഗില്‍ പ്രധാനിയാണെങ്കിലും 2015ന് ശേഷം താരം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ 2020ല്‍ നടക്കേണ്ട ടി20 ലോകകപ്പിന് താരം ഇംഗ്ലണ്ട് ടീമില്‍ ഇടം നേടുമോ എന്നത് ഉറപ്പില്ല.
ഇംഗ്ലണ്ടിന്റെ ഏകദിന ബൗളിംഗില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന താരത്തിന് ഇംഗ്ലണ്ട് ടി20 സ്ക്വാഡില്‍ ഇടം ലഭിയ്ക്കുന്നില്ലെങ്കില്‍ ഇംഗ്ലണ്ടിന് ടി20യില്‍ കൂടുതുല്‍ അനുയോജ്യരായ മറ്റു താരങ്ങളുണ്ടെന്നതാണ് സൂചിപ്പിക്കുന്നത്. ഇത് കൂടാതെ താരത്തിന് ഐപിഎലിലും കാര്യമായ പ്രഭാവം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ഈ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ഐപിഎല്‍ കളിച്ച് ഇംഗ്ലണ്ട് ടീമിലേക്കുള്ള തന്റെ സാധ്യത ഉറപ്പാക്കുവാനുള്ള അവസരം താരത്തിനുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് താരം പിന്മാറി. മൂന്ന് മാസത്തോളം ഐപിഎലിനായി കുടുംബത്തില്‍ നിന്ന് വിട്ട് നില്ക്കുക എന്നത് പ്രയാസകരമായിരുന്നുവെന്നാണ് താരം പറഞ്ഞത്. തന്റെ ഭാര്യ എയ്മി ഗര്‍ഭിണിയായിരുന്നുവെന്നും നല്ല സുഖത്തിലല്ലായിരുന്നുവെന്നും ക്രിസ് വോക്സ് പറഞ്ഞു.
ഇംഗ്ലണ്ടിനായി ടി20 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷ താരം അവസാനിപ്പിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിനെ 2023 ഏകദിന ലോകകപ്പില്‍ പ്രതിനിധീകരിക്കാന്‍ പറ്റുമെന്നാണ് താരം പ്രത്യാശ പ്രകടിപ്പിച്ചത്. തനിക്ക് വേണമെന്ന് വിചാരിച്ചാല്‍ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് താരം പറഞ്ഞു. പക്ഷേ ഇംഗ്ലണ്ടിന്റെ ഇപ്പോളത്തെ ടി20 സ്ക്വാഡിനെ പരിഗണിക്കുമ്പോള്‍ തനിക്ക് സാധ്യതയില്ലെന്നതാണ് സത്യമെന്നും ക്രിസ് വോക്സ് പറഞ്ഞു.