വനിതാ ലോകകപ്പ് ഫൈനലിൽ ഓറഞ്ച് പടയും എത്തി. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ സ്വീഡനെ മറികടന്നാണ് ഹോളണ്ട് വനിതകൾ ലോകകപ്പ് ഫൈനലിലേക്ക് കടന്നത്. 120 മിനുട്ട് നീണ്ട പോരാട്ടത്തിൽ ഏക ഗോളിനായിരുന്നു ഹോളണ്ടിന്റെ വിജയം. ഇരുടീമുകളുടെയും ഗംഭീര ഡിഫൻഡിംഗ് കണ്ട മത്സരത്തിൽ ജാക്കി ഗ്രൊനെന്റെ ഏക ഗോളാണ് വിധി എഴുതിയത്.
മത്സരത്തിൽ സ്വീഡനായിരുന്നു മികച്ച രീതിയിൽ തുടങ്ങിയത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ഉണ്ടാക്കിയതും സ്വീഡനായിരുന്നു. എന്നാൽ ഹോളണ്ട് കീപ്പർ വീനെന്താലിന്റെ മികവ് കളി 0-0 ആയി നിർത്തി. രണ്ടാം പകുതിയിൽ ലിയോൺ താരം വാൻ ഡെ സാഡൻ ഇറങ്ങിയതോടെ ഹോളണ്ട് ശക്തമായി. തുടർ അറ്റാക്കുകൾ ഹോളണ്ട് നടത്താൻ തുടങ്ങി. എന്നിട്ടും കളി നിശ്ചിത സമയത്ത് ഗോൾ രഹിതമായി തുടർന്നു.
എക്സ്ട്രാ ടൈമിന്റെ ഒമ്പതാം മിനുട്ടിൽ ആയിരുന്നു കളിയുടെ വിധി നിർണയിച്ച ഗോൾ വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജാക്കി ഗ്രോനെന്റെ മികച്ച ഫിനിഷ് ഹോളണ്ടിനെ ലോകകപ്പ് ഫൈനലിലേക്ക് എത്തിക്കുകയായിരുന്നു. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയെ ആകും ഹോളണ്ട് നേരിടുക.