അനായാസം ഹോളണ്ട്, മൂന്നിൽ മൂന്നും ജയിച്ച് മുന്നോട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രാങ്ക് ഡി ബോറിന്റെ ഓറഞ്ച് പട അനായാസ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നോർത്ത് മാസിഡോണിയയെ ആണ് ഹോളണ്ട് തോൽപ്പിച്ചത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഹോളണ്ടിന്റെ വിജയം. ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ വൈനാൾഡം ആണ് ഹോളണ്ടിന്റെ വിജയശില്പി ആയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഡിപായും തിളങ്ങി.

മാസിഡോണിയയുടെ ഒരു ഗോളോടെ ആണ് ഇന്ന് കളി തുടങ്ങിയത്. 10ആം മിനുട്ടിൽ ട്രിക്വോസ്കി മാസിഡോണിയക്കായി വല കുലുക്കിയതായിരുന്നു. എന്നാൽ ഓഫ്സൈഡ് അവരുടെ ആഹ്ലാദങ്ങൾ അവസാനിപ്പിച്ചു. 24ആം മിനുട്ടിലാണ് ഹോളണ്ടിന്റെ ആദ്യ ഗോൾ വന്നത്. ഡെയ്ലി ബ്ലിൻഡ് തുടങ്ങി വെച്ച ഒരു കൗണ്ടർ ഡിപായിലേക്കും മെലനിലേക്കും എത്തുകയായിരുന്നു. മൈതാന മധ്യം മുതൽ പന്ത് കൈമാറി കൈമാറി വേഗത്തിൽ മുന്നേറിയ ഹോളണ്ട് ആക്രമണ നിര അവസാനം ഡിപായിലൂടെ ആ നീക്കം ഫിനിഷ് ചെയ്യുക ആയിരുന്നു.

രണ്ടാം പകുതിയിലാണ് ബാക്കി ഗോളുകൾ വന്നത്. 50ആം മിനുട്ടിൽ ഡിലിറ്റിന്റെ ഒരു ഹെഡർ ട്രികൊവൊസ്കി അവസാന നിമിഷമാണ് ക്ലിയർ ചെയ്ത രക്ഷിച്ചത്. എങ്കിലും തൊട്ടടുത്ത മിനുട്ടിൽ ഹോളണ്ട് അവരുടെ രണ്ടാം ഗോൾ കണ്ടെത്തി. ഇത്തവണ ഡിപായ് ഗോൾ ഒരുക്കി, ഗോൾ വലയ്ക്ക് തൊട്ടടുത്ത് നിന്ന് ഒരു ടാപ്പിന്നിലൂടെ വൈനാൽഡം ഗോൾ നേടുകയും ചെയ്തു. 58ആം മിനുട്ടിൽ വൈനാൾഡം തന്റെ രണ്ടാം ഗോളും നേടി. ഡിപായ് അടിച്ച ഷോട്ട് മാസിഡോണിയൻ കീപ്പർ ദിമിത്രൊവേസ്കി തടഞ്ഞു എങ്കിലും റീബൗണ്ടിലൂടെ വൈനാൾഡം വലയിൽ എത്തിക്കുക ആയിരുന്നു.

ഇതിലുമേറെ ഗോൾ നേടാൻ ഹോളണ്ടിന് ആകുമായിരുന്നു. 67ആം മിനുട്ടിൽ വിഗോർസ്റ്റിന്റെ ഒരു ഷോട്ട് ബാറിൽ തട്ടിയാണ് മടങ്ങിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റുമായി ഹോളണ്ട് ഗ്രൂപ്പിൽ ഒന്നാമത് തന്നെ ഫിനിഷ് ചെയ്തു. 2 വിജയങ്ങളുമായി ഓസ്ട്രിയ 6 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. ഹോളണ്ടും ഓസ്ട്രിയയും പ്രക്വാർട്ടർ ഉറപ്പിച്ചപ്പോൾ 3 പോയിന്റുമായി മൂന്നാമത് ഫിനിഷ് ചെയ്ത ഉക്രൈന് മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്താനാകുമോ എന്ന് അറിയാൻ കാത്തിരിക്കണം. മാസിഡോണിയ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.