സൗദി അറേബ്യയിലേക്ക് ഒരു യൂറോപ്യൻ താരം കൂടെ. ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണെ സൗദി ക്ലബായ അൽ ഇത്തിഫാഖ് സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഹെൻഡേഴ്സണെ ഒരു ട്രാൻസ്ഫർ ഫീ നൽകിയാകും ഇത്തിഫാഖ് ടീമിലേക്ക് എത്തിക്കുന്നത്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. 10 മില്യണോളമാകും ലിവർപൂളിന് ലഭിക്കുക.
ഇത്തിഫാഖിന്റെ പുതിയ പരിശീലകനായ ജെറാഡിന്റെ സാന്നിധ്യമാണ് ഹെൻഡേഴ്സണെ സൗദിയിൽ എത്തിക്കുന്നത്. ഹെൻഡേഴ്സണ് ലിവർപൂളിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വേതനം ആണ് ഇത്തിഫാഖ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലിവർപൂളിൽ 33കാരനായ ഹെൻഡേഴ്സണ് 2025 വരെ ഇപ്പോൾ കരാർ ഉണ്ടയിരുന്നു. ഈ സമ്മറിൽ ജെയിംസ് മിൽനറെ ഉൾപ്പെടെ മധ്യനിരയിൽ നിരവധി താരങ്ങളെ നഷ്ടപ്പെട്ട ലിവർപൂൾ ഹെൻഡേഴ്സണെ നഷ്ടമാകുന്നത് തിരിച്ചടിയാകും. എങ്കിലും അവർ കൂടുതൽ മധ്യനിര താരങ്ങളെ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി 450ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനാണ്.