ഐപിഎലില്‍ മൂന്ന് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഇന്ന് പ്ലേ ഓഫിലെ ആദ്യ മത്സരം. ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടുമ്പോള്‍ തോല്‍ക്കുന്ന ടീമിനു ഫൈനലിലേക്കുള്ള യോഗ്യതയ്ക്ക് ഒരവസരം കൂടി ലഭിയ്ക്കും. ടൂര്‍ണ്ണമെന്റിലെ പ്രാഥമിക ഘട്ട മത്സരങ്ങളിലെ അവസാന മത്സരത്തിലെ ജയത്തോടെയാണ് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്.
നാലാം കിരീടം മോഹിച്ച് എത്തുന്ന ടീമുകള്‍ക്ക് തമ്മില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ ജയം സ്വന്തമാക്കാനായത് മുംബൈയക്ക് തന്നെയാണ്. 15 മത്സരങ്ങളില്‍ മുംബൈ വിജയിച്ചപ്പോള്‍ 11 തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനും ജയം കരസ്ഥമാക്കി. എന്നാല്‍ അടുത്തിടെയുള്ള മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ മുംബൈയ്ക്ക് തന്നെയാണ് വ്യക്തമായ മേല്‍ക്കൈ. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് മുംബൈ ചെന്നൈയോട് തോറ്റിട്ടുള്ളത്.
ഈ സീസണില്‍ ചെപ്പോക്കില്‍ ചെന്ന് ചെന്നൈയെ തോല്പിക്കുക കൂടി ചെയ്യുവാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്നു. 2015ല്‍ മുംബൈ തന്നെയാണ് ചെന്നൈയെ ചെപ്പോക്കില്‍ ഇതിനു മുമ്പ് പരാജയപ്പെടുത്തിയത്. എന്നാല്‍ അന്ന് ധോണിയില്ലാതെ ഇറങ്ങിയതാണ് ചെന്നൈയ്ക്ക് വിനയായതെന്ന് വേണമെങ്കില്‍ ടീമിനു വാദിക്കാം.
അതേ സമയം പ്ലേ ഓഫുകളില്‍ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 4-3നു ചെന്നൈയ്ക്കാണ് മേല്‍ക്കൈ. ബാറ്റിംഗ് തന്നെയാണ് ഇരു ടീമുകള്‍ക്കും തലവേദന സൃഷ്ടിക്കുന്ന ഘടകം. സൂര്യകുമാര്‍ യാദവ് മികച്ച തുടക്കം കുറിച്ചുവെങ്കിലും അത് വലിയ സ്കോറിലേക്ക് മാറ്റുവാന്‍ താരത്തിനു ആകാതെ പോകുമ്പോള്‍ ചെന്നൈ നിരയില്‍ സുരേഷ് റെയ്‍നയുടെ ഫോമില്ലായ്മയാണ് ടീമിനു പ്രശ്നം സൃഷ്ടിക്കുന്നത്.
ഇന്നത്തെ മത്സരത്തില്‍ ചെന്നൈയ്ക്ക് മധ്യനിരയില്‍ കേധാര്‍ ജാഥവിന്റെ സേവനം ലഭ്യമാകുകയില്ല, പകരം ധ്രുവ് ഷോറെ ടീമിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ സീസണല്‍ കാര്യമായി ഒന്നും തന്നെ കേധാര്‍ ജാഥവില്‍ നിന്ന് ടീമിനു ലഭിച്ചിട്ടില്ലായെന്നത് താരത്തിന്റെ അഭാവലം ടീമില്‍ വലിയ പ്രഭാവമുണ്ടാക്കില്ലെന്ന് വേണം വിലയിരുത്തുവാന്‍.
റായിഡുവും വാട്സണും എല്ലാം പ്രഭാവമുള്ള പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ ധോണി തന്നെയാണ് ചെന്നൈയുടെ നിരയില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള താരം. രണ്ടാം സ്ഥാനത്തുള്ളത് സുരേഷ് റെയ്‍നയാണ്. അതേ സമയം ക്വിന്റണ്‍ ഡി കോക്ക് റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തുള്ളതും കഴിഞ്ഞ മത്സരങ്ങളിലായി രോഹിത് ശര്‍മ്മ ഫോമിലേക്ക് ഉയര്‍ന്നതും മുംബൈയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്.