തന്റെ അവസാന ഇന്നിംഗ്സില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങി ഹാമിള്‍ട്ടണ്‍ മസകഡ്സ. ഇന്ന് ത്രിരാഷ്ട്ര ടി20 മത്സരത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ സിംബാബ്‍വേ അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 20 ഓവറില്‍ 155/8 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ശേഷം 19.3 ഓവറിലാണ് സിംബാബ്‍വേ തങ്ങളുടെ വിജയം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അഫ്ഗാനിസ്ഥാനെതിരെ ടി20യില്‍ സിംബാബ്‍വേ നേടുന്ന ആദ്യ ജയം കൂടിയാണിത് എന്നത് ഏറെ പ്രത്യേകത നിറഞ്ഞ കാര്യമാണ്. തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ആ നേട്ടവുമായി മടങ്ങുകയാണ് സിംബാബ്‍വേ നായകന്‍.
ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം അഫ്ഗാനിസ്ഥാന്‍ തകര്‍ന്നപ്പോള്‍ ക്രിസ് പോഫു നാല് വിക്കറ്റുമായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. താരം തന്റെ നാലോവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 107/1 എന്ന നിലയില്‍ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് 155 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
ഓപ്പണിംഗ് വിക്കറ്റില്‍ ഹസ്രത്തുള്ള സാസായിയും(31) റഹ്മാനുള്ള ഗുര്‍ബാസും(61) 83 റണ്‍സ് നേടിയ ശേഷമാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ച്ച. ടിനോടെന്‍ഡ മുട്ടോംബോഡ്സി രണ്ട് വിക്കറ്റും നേടി. മറ്റ് അഫ്ഗാന്‍ താരങ്ങള്‍ക്കാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് വേണ്ടി നായകന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ മുന്നില്‍ നിന്ന് നയിച്ചാണ് വിജയം ഉറപ്പാക്കിയത്. 42 പന്തില്‍ നിന്ന് 4 ഫോറും 5 സിക്സും സഹിതം 71 റണ്‍സാണ് താരം നേടിയത്. റെഗിസ് ചകാബ്‍വ(39), ഷോണ്‍ വില്യംസ്(21), ബ്രണ്ടന്‍ ടെയിലര്‍(19) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റും നേടി. ക്രിസ് പോഫുവാണ് കളിയിലെ താരം.