ഫുട്ബോൾ കളിക്കേണ്ട കാലുകളിൽ വിലങ്ങ്, നീതി കിട്ടാതെ ഹക്കീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് തായ്ലാന്റ് പോലീസ് വാഹനത്തിൽ നിന്ന് ഹക്കീം അൽ അറൈബി ഇറങ്ങിയ കാഴ്ച ഇത്തിരി നീതി ബോധമുള്ള ആരെയും വേദനിപ്പിക്കും. ഫുട്ബോൾ കളിച്ച് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിച്ചു പോവുകയായിരുന്ന ഒരു പാവത്തിന്റെ രണ്ട് കാലുകളും ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നു. കയ്യിലും വലിയ വിലങ്ങും. ഇരു കൈകളും എന്നിട്ടും പോലീസുകാർ പിടിച്ചിരിക്കുകയാണ്. ഒപ്പം പിറകിൽ എട്ടോളം പോലീസും. എന്താണ് ഹക്കീം ചെയ്ത തെറ്റ്?

കൊലപാത പരമ്പകരകൾ നടത്തി വരുന്ന ഒരു സീരിയൽ കില്ലർ ഒന്നുമല്ല ഹക്കീം. ഓസ്ട്രേലിയയിൽ അഭയാർത്ഥി ആയി അംഗീകരിക്കപ്പെട്ട ഫുട്ബോൾ കളിച്ച് മാത്രം ജീവിതം മുന്നോട്ട് നീക്കുകയായിരുന്ന ഹക്കീം കഴിഞ്ഞ നവംബർ അവസാനം തന്റെ ഭാര്യക്ക് ഒപ്പം വെക്കേഷൻ ആഘോഷിക്കാൻ തായ്ലാന്റിൽ വന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ഹക്കീമിനെ തായ്ലാന്റ് പോലീസ് അറസ്റ്റ് ചെയ്തു.

ബഹ്റൈനിൽ ജീവിച്ചു വളർന്ന ആളാണ് ഹക്കീം. ബഹ്റൈനിൽ ഇരിക്കെ അവിടെയുള്ള ഫാസിസ്റ്റ് ഭരണത്തെ വിമർശിച്ചതിന് 2012ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു പോലീസ് സ്റ്റേഷൻ അക്രമിച്ചു എന്നായിരുന്നു കേസ്. അന്ന് ആ പോലീസ് സ്റ്റേഷൻ അക്രമിക്കപ്പെട്ടു എന്ന് പറയുന്ന സമയത്ത് ഹക്കീം ടെലിവിഷനിൽ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യപ്പെട്ട മത്സരത്തിൽ കളിക്കുകയായിരുന്നു. അന്ന് ഹക്കീമിനെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായ നടപടികളാണ് ഹക്കീമിന് നേരിടേണ്ടി വന്നത്.

ആ കേസിൽ നിന്ന് രക്ഷപ്പെട്ട ഹക്കീം 2014ൽ ഓസ്ട്രേലിയയിൽ അഭയം തേടി. ഓസ്ട്രേലിയ അഭയാർത്ഥി ആയി ഹക്കീമിനെ അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉള്ള കാലത്ത് കായിക താരങ്ങളെ സംരക്ഷിക്കാത്തതിന് ബഹ്റൈനിൽ രാജ കുടുംബത്തെ പലപ്പോഴും ഹക്കീം വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ ഹക്കീമിനെ ഓസ്ട്രേലിയയിൽ എത്തിയിട്ടും വിടാൻ ബഹ്റൈൻ തയ്യാറായില്ല.

തായ്ലാബ്റ്റിൽ വെച്ച് ഹക്കീമിനെ അറസ്റ്റ് ചെയ്തത് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ധാരണയെ അടിസ്ഥാനമാക്കിയായിരുന്നു. ഇനി വിചാരണ ചെയ്ത ശേഷം ഹക്കീമിനെ ബഹ്റൈന് കൈമാറുക ആവും തായ്ലാന്റിന്റെ നടപടി. ഇന്ന് ആദ്യമായി കോടതിയിൽ ഹാജരാക്കപ്പെട്ടപ്പോൾ 60 ദിവസം കൂടെ വിചാരണയ്ക്ക് വേണം എന്ന് ബഹ്റൈൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

വിലങ്ങുമായി ഇന്ന് നടന്നകലവേ ഒരേ ഒരു കാര്യമെ ഹക്കീം കൂടി നിന്നവരോടായി പറഞ്ഞുള്ളൂ. എന്നെ ബഹ്റൈനിലേക്ക് തിരിച്ചയക്കരുത്. അത് ആര് കേൾക്കാൻ. ഓസ്ട്രേലിയ ഹക്കീമിനെ മോചിപ്പിക്കാൻ അവർക്ക് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ കോടതി വഴി മാത്രമെ എന്തും സാധ്യമാക്കു എന്നുള്ള വാശിയിലാണ് തായ്ലാന്റ്.

ഫുട്ബോൾ ലോകം മുഴവും എന്തിന് ഫിഫയടക്കം ഹക്കീമിനെ മോചിപ്പികണമെന്ന് തായ്ലാന്റിനോട് അപേക്ഷിക്കുകയാണ്.

ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ ചോദിക്കുന്ന ഒരു വേദനിപ്പിക്കുന്ന ചോദ്യം കൂടെയുണ്ട്. “അധികം ആയില്ല തായ്ലാന്റിലെ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീമിലെ കുരുന്നുകളെ ഓസ്ട്രേലിയയിലെ വിദഗ്ദ്ധർ വന്ന് രക്ഷിച്ചിട്ട്. അതിനുള്ള നന്ദിയായിട്ടാണോ ഇപ്പോൾ തങ്ങളുടെ നാട്ടിലെ ഫുട്ബോളറെ നിങ്ങൾ ബന്ധിയാക്കി വെച്ചിരിക്കുന്നത്.”

അറുപത് ദിവസങ്ങളിൽ അധികമായി ജയിലിൽ കഴിയുന്ന ഹക്കീമിന് നീതി ലഭിക്കുന്നതിന് പ്രാർത്ഥനകൾ അല്ല ആവശ്യം പ്രതിഷേധമാണ്. ഫുട്ബോൾ എന്ന ഒരു കാര്യത്തിനപ്പുറം മനുഷ്യത്വം എന്ന വലിയ കാര്യം കൂടെ ഇതിനായി എല്ലാവരെയും ഒന്നിപ്പിക്കുന്നു.