അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന റെക്കോർഡുകൾ ആണ് ഇതിനകം തന്നെ 22 കാരനായ നോർവീജിയൻ താരം ഏർലിംഗ് ഹാളണ്ട് സൃഷ്ടിക്കുന്നത്. ഗോൾ അടിക്കാൻ മാത്രം പിറന്നവനെ പോലെ കളത്തിൽ കാണപ്പെടുന്ന ഹാളണ്ടിന്റെ ആദ്യ 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലെ റെക്കോർഡ് സാക്ഷാൽ ലയണൽ മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാൾഡോയെയും വരെ നാണിപ്പിക്കും. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അരങ്ങേറ്റത്തിൽ ഇരട്ടഗോളുകൾ നേടിയ ഹാളണ്ട് 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നു 25 മത്തെ ഗോൾ ആണ് ഇന്ന് നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 25 ഗോളുകൾ നേടുന്ന താരമായി ഇതോടെ ഹാളണ്ട് മാറി.
ആദ്യ 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നു കരിം ബെൻസീമ 12 ഗോളുകളും റോബർട്ട് ലെവൻഡോവ്സ്കി 11 ഗോളുകളും ലയണൽ മെസ്സി 8 ഗോളുകളും നേടിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ ക്രിസ്റ്റിയാനോ റൊണാൾഡോ ഒരൊറ്റ ഗോൾ പോലും നേടിയിരുന്നില്ല. ഉറപ്പായിട്ടും ഇത് അറിയുമ്പോൾ ആണ് ഹാളണ്ട് ഇതിനകം തന്നെ സൃഷ്ടിക്കുന്ന ഉയരം മനസ്സിലാക്കാൻ ആവുക. തന്റെ റെഡ് ബുൾ സാൽസ്ബർഗ്,ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റങ്ങളിൽ ഗോൾ നേടിയ ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പവും ആ പതിവ് തുടർന്നു.
ഗോൾ അടിപ്പിക്കാൻ ഡ്യുബ്രിയിന, ബെർണാർഡോ സിൽവ, റിയാദ് മാഹ്രസ് തുടങ്ങിയ മാന്ത്രികരും ഗാർഡിയോളയുടെ ആക്രമണ ഫുട്ബോളും കൂടി ആവുമ്പോൾ ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എന്തൊക്കെ റെക്കോർഡുകൾ ആവും തകർക്കുക എന്നത് ഊഹിക്കാൻ പോലും ആവില്ല. ഇതിനകം തന്നെ അതിനുള്ള തെളിവ് ലോകം കണ്ടു. വെറും 8 മത്സരങ്ങളിൽ നിന്നു 12 ഗോളുകൾ ആണ് ഇതിനകം മാഞ്ചസ്റ്റർ സിറ്റിക്ക് ആയി ഹാളണ്ട് നേടിയത്. ഓരോ 54 മിനിറ്റിലും താരം ഓരോ ഗോൾ സിറ്റിക്ക് ആയി നേടുന്നു. ഇതിൽ രണ്ടു ഹാട്രിക് കൂടി ഉൾപ്പെടുന്നുണ്ട്. പ്രീമിയർ ലീഗ് ഗോൾ അടി റെക്കോർഡുകളും ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും സൃഷ്ടിച്ച പല റെക്കോർഡുകളും ഹാളണ്ട് പഴയ കഥ ആക്കുമോ എന്നതിന് ഉത്തരം കാലം തന്നെ പറയും.