പെപ് ഗ്വാർഡിയോള തന്ത്രങ്ങൾ ഒന്നും റോഡ്ജസിന് മുന്നിൽ ഫലിച്ചില്ല. മാഞ്ചസ്റ്റർ സിറ്റി സ്വന്തം ഗ്രൗണ്ടിൽ അപമാനിതരായിരിക്കുകയാണ് ഇന്ന്. ലെസ്റ്റർ സിറ്റി അഞ്ചു ഗോളുകൾ ആണ് ഇന്ന് സിറ്റിയുടെ വലയിലേക്ക് അടിച്ചു കയറ്റിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾ എന്ന വലിയ വിജയവും ലെസ്റ്റർ സിറ്റി നേടി. ഇംഗ്ലീഷ് സ്ട്രൈക്കർ വാർഡിയുടെ ഹാട്രിക്ക് ആണ് സിറ്റിയെ തകർത്തത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റിയുടെ തകർച്ച.
മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ സിറ്റി ലീഡ് നേടിയിരുന്നു. റിയാദ് മെഹ്റസിന്റെ ഒരു റോക്കറ്റ് ഷോട്ടാണ് അഞ്ചാം മിനുട്ടിൽ വലയിൽ കയറിയത്. 37ആം മിനുട്ടിൽ ഒരു പെനാൾട്ടി ആണ് ലെസ്റ്ററിനെ കളിയിലേക്ക് തിരികെ കൊണ്ട് വന്നത്. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് വാർഡിയാണ് സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ വാർഡി തന്നെയാണ് സിറ്റിയുടെ തകർച്ചയ്ക്ക് തുടക്കമിട്ടതും. 54ആം മിനുട്ടിൽ ഒരു ഫ്ലിക്ക് ഫിനിഷിലൂടെ വാർഡി ലെസ്റ്ററിനെ മുന്നിൽ എത്തിച്ചു.
58ആം മിനുട്ടിൽ മറ്റൊരു പെനാൾട്ടിയിലൂടെ വാർഡി ഹാട്രിക്കും തികച്ചു. പെപ് ഗ്വാർഡിയോളയുടെ ടീമിനെതിരെ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരമായി വാർഡി ഇതോടെ മാറി. പിന്നീട് 77ആം മിനുട്ടിൽ മാഡിസണും 88ആം മിനുട്ടിൽ ടെലമൻസും ഗോൾ നേടിയതോടെ സിറ്റിയുടെ പതനം പൂർത്തിയായി. ഈ രണ്ട് ഗോളുകൾക്ക് ഇടയിൽ നഥൻ എകെയാണ് സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി ലെസ്റ്റർ ലീഗിൽ ഒന്നാമത് എത്തി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗ്വാർഡിയോള ടീം ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ വഴങ്ങുന്നത്.