2022 ഖത്തർ ഫിഫ ലോകകപ്പ് ടൂർണമെന്റ് എട്ടാമത്തെയും, അവസാനത്തെയും ഗ്രൂപ്പായ H ഗ്രൂപ്പിൻ്റെ അത്ര വൈവിധ്യമുള്ള ഒരു ഗ്രൂപ്പ് വേറെയില്ല. ഇതിലെ ടീമുകളുടെ പേരുകൾ നോക്കൂ, യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ആഫ്രിക്കയിൽ നിന്ന് ഘാന, ഏഷ്യയിൽ നിന്ന് ദക്ഷിണ കൊറിയ, സൗത്ത് അമേരിക്കയിൽ നിന്ന് യുറുഗ്വേ. അതെ സമയം ഈ ഗ്രൂപ്പിൽ നിന്ന് ഒരു ടീം പോലും അവസാന 8ൽ എത്തും എന്ന പ്രതീക്ഷ ആർക്കുമില്ല!
ക്രിസ്ത്യാനോ റൊണാൾഡോ അംഗമായുള്ള പോർച്ചുഗൽ ടീം ആ ഗ്രൂപ്പിൽ ടോപ് ചെയ്യും എന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ട. 37 വയസ്സായ റൊണാൾഡോയുടെ തോളത്തു കയറി വേൾഡ് കപ്പ് നേടാമെന്ന ആഗ്രഹം ഉണ്ടെങ്കിൽ അത് മാറ്റി വച്ചേക്കൂ. പോർച്ചുഗൽ ടീമിലെ ഒട്ടനവധി അംഗങ്ങൾ കളിക്കുന്ന പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ അഥവാ വുൾവ്‌സിൻ്റെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ, നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാകും.
പക്ഷെ നാല് പോർച്ചുഗീസ് കളിക്കാർ ബാലൺ ഡി ഓർ പട്ടികയിൽ പെട്ടിരുന്നു എന്ന കാര്യം മറക്കരുത്. കാര്യം റൊണാൾഡോ 100 മീറ്റർ സെക്കൻഡുകൾക്കുള്ളിൽ ഓടുമായിരിക്കും, മറ്റാരേക്കാളും ഉയരത്തിൽ ചാടുമായിരിക്കും, പക്ഷെ ഇത്ര പ്രതിഭകളുള്ള ടീമിന് ഒരു കളിക്കാരനിൽ മാത്രം ആശ്രയിക്കേണ്ട കാര്യമില്ല. എങ്കിലും ഒരു ടീം എന്ന നിലക്ക് അവർ ക്ലിക്ക് ആയിട്ടില്ല.
ഖത്തറിലേക്ക് വിമാനം കയറാനുള്ള സാധ്യത തെളിഞ്ഞത് തന്നെ അത്ര എളുപ്പത്തിലല്ല എന്ന് ഓർക്കണം. കുഴപ്പം കോച്ച് സാന്റോസിൻ്റെ തന്ത്രങ്ങൾക്കാണ് എന്ന് പറയുന്നവരുണ്ട്. ഇംഗ്ലണ്ടിലെ ബെറ്റിങ് സൈറ്റുകളിൽ ഒന്ന് പോലും പോർച്ചുഗലിന് സാധ്യത പറയുന്നില്ല. അത് കൊണ്ട് തന്നെ റൊണാൾഡോയുടെ വേൾഡ് കപ്പ് കളിക്കാനുള്ള അവസാന ചാൻസ് ആയി മാത്രം ഈ വേൾഡ് കപ്പിനെ പോർച്ചുഗീസ് കണ്ടാൽ മതി.
മുൻകാല പ്രഭാവത്തിൽ ഇന്നും ലോക ഫുട്ബാളിൽ ആദരവോടെ പറഞ്ഞു കേൾക്കുന്ന പേരാണ് യുറുഗ്വേ. പക്ഷെ അവരും ഇന്ന് പേരിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അവസാന വേൾഡ് കപ്പ് കളിക്കുന്ന കവാനിയും, സുവാരസും അടങ്ങിയ ടീമിന് ഗ്രൂപ്പ് ജേതാക്കൾ ആകാൻ കഴിഞ്ഞേക്കും. ആക്രമിച്ചു കളിച്ചു ലോക നിലവാരമുള്ള ഫുട്ബാൾ ടീമുകളെ തോൽപ്പിക്കാൻ കഴിവുള്ള കളിക്കാർ യുറുഗ്വേ നിരയിൽ ഇല്ല.
അവരുടെ ഡിഫൻസീവ് കളി കൊണ്ട് റൗണ്ട് ഓഫ് 16 അപ്പുറം കടക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. ഫുട്ബോൾ വിദഗ്ധർ വേൾഡ് കപ്പ് ഉയർത്താൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഈ ടീമിനെ ഉൾപ്പെടുത്താൻ മടിക്കുകയാണ്.
ഫിഫ ലോകകപ്പ് ടൂർണമെന്റിലെ 1986 മുതൽ ഇങ്ങോട്ടുള്ള എല്ലാ വേൾഡ് കപ്പിലും കളിച്ചിട്ടുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പ് സ്റ്റേജ് കടക്കുക എന്ന ചെറിയ ആഗ്രഹവുമായാണ് എത്തുന്നത്. അതിനപ്പുറത്തേക്ക് അവർക്കു സാധ്യതയുമില്ല.
ഘാനയുടെ കാര്യവും ഏതാണ്ട് ഇത് പോലെ തന്നെ. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ, അടുപ്പിച്ചു മൂന്ന് തവണ ഫിഫ ലോകകപ്പ് ടൂർണമെന്റിൽ കളിച്ച ശേഷം കഴിഞ്ഞ തവണ ക്വാളിഫൈ ചെയ്യാതിരുന്ന ഘാന, അടുത്ത റൗണ്ടിലേക്ക് കടക്കാൻ കിണഞ്ഞു ശ്രമിക്കും. 2010ലെ വേൾഡ് കപ്പ് മാച്ചിൽ സുവാരസിൻ്റെ ഹാൻഡ്ബാൾ ഗോളിന് പകരം ചോദിയ്ക്കാൻ ഉള്ള അവസരമായി കൂടി ഘാനയിൽ പലരും ഈ വേൾഡ് കപ്പിനെ കാണുന്നുണ്ട്.
ഉത്തേജിപ്പിക്കുന്ന കളി പുറത്തെടുക്കാൻ മിടുക്കരാണ് ഈ ആഫ്രിക്കൻ ടീം. ടീമിൽ അവസാന നിമിഷം പല മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. യൂറോപ്പിലെ പ്രകടനത്തിൻ്റെ ബലത്തിൽ മുൻ ഘാന കളിക്കാരൻ ജെഫ്രി ഷാൽപ്പ്സ് പിന്നെ എൻകെതിയ, ഒഡോയ് എന്നിവർ വരും എന്ന് കേൾക്കുന്നു. ഒരു ഭൂഖണ്ഡത്തിൻ്റെ മുഴുവൻ പിന്തുണ ഇവർക്കുണ്ടാകും, പക്ഷെ അത് കൊണ്ട് മാത്രം കാര്യമായില്ലല്ലോ.
സാധാരണയായുള്ള ഫുട്ബോൾ കലണ്ടറിൽ പൊതുവെ കളിക്കാർ ഒരു ബ്രേക് എടുക്കുന്ന സമയത്താണ് ഇത്തവണ കളി വച്ചിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ഷെഡ്യൂളിന്റെ മധ്യത്തിൽ വച്ചാകുന്നത് കൊണ്ട് കളിക്കാർ എല്ലാവരും തന്നെ നല്ല ഫോമിൽ ആകും കളത്തിൽ ഇറങ്ങുക.
മാത്രമല്ല വിന്റർ ട്രാൻസ്ഫർ സാധ്യതയുള്ളത് കൊണ്ട് മികച്ച പ്രകടനം നടത്താൻ കളിക്കാർ ശ്രമിക്കും. എങ്കിലും ഈ ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും വേൾഡ് കപ്പ് ഉയർത്തും എന്ന സ്വപ്നം കാണുന്നതിൽ കാര്യമില്ല, എങ്കിലും ഈ ഗ്രൂപ്പിലെ കളികൾക്ക് ആവേശം ഒട്ടും കുറയാനും വഴിയില്ല.