കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഏറ്റവും വലിയ സന്തോഷം അവരുടെ അക്കാദമിയിൽ നിന്ന് വളർന്നു വന്ന ഗ്രീൻവുഡിന്റെ സീനിയർ ടീമിലേക്കുള്ള വളർച്ച ആയിരുന്നു. ഒലെയുടെ കീഴിൽ പെട്ടെന്ന് തന്നെ ഗ്രീൻവുഡ് ടീമിലെ പ്രധാനി ആയി മാറി. 17ഗോളുകൾ നേടാൻ 18കാരനാവുകയും ചെയ്തു. ഗ്രീൻവുഡിനെ പോലെ ഈ സീസണിൽ ഒലെ സീനിയർ ടീമിലേക്ക് ഉയർത്താൻ ഉദ്ദേശിക്കുന്ന താരമാണ് ഹാന്നിബൽ മെജ്ബ്രി.
17കാരനായ വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി ഇതിനകം തന്നെ യുണൈറ്റഡ് ആരാധകർക്ക് ഇടയിൽ വലിയ താരമാണ്. യുണൈറ്റഡിന്റെ അണ്ടർ 23 ടീമിൽ അത്ഭുതങ്ങൾ കണിച്ച് മുന്നേറുകയാണ് ഹാന്നിബൽ. കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിൽ സാൽഫോർഡ് സിറ്റിയുടെ സീനിയർ ടീമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. അന്ന് യുണൈറ്റഡിന്റെ താരമായി മാറിയത് മെജ്ബ്രി ആയിരുന്നു. ഒരു ഗോളും രണ്ട് അസിസ്റ്റും സംഭാവന ചെയ്യാൻ മെജ്ബ്രിക്ക് ആയി.
ഹാന്നിബലിന് വലിയ ഭാവി ഉണ്ടെന്നാണ് യുണൈറ്റഡ് പരിശീലകൻ ഒലെയും വിലയിരുത്തുന്നത്. വരുന്ന സീസൺ മുതൽ ഹാന്നിബലിനെ ഫസ്റ്റ് ടീമിന്റെ ഭാഗമാക്കാൻ ഒലെ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ ലീഗ് കപ്പിലും മറ്റും താരത്തെ ഉപയോഗിക്കാൻ ആകും ശ്രമം. ഫാൾസ് 9 റോളിലാണ് ഇപ്പോൾ മെജ്ബ്രി യുണൈറ്റഡ് റിസേർവ്സ് ടീമിനായി കളിക്കുന്നത്. എ എസ് മൊണാക്കോയിൽ നിന്നായിരുന്നു കഴിഞ്ഞ വർഷം ഹാനിബൽ മെജ്ബ്രിയെ യുണൈറ്റഡ് സ്വന്തമാക്കിയത്. 10 മില്യണോളം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മൊണോക്കോയ്ക്ക് അന്ന് നൽകിയത്. ഫ്രാൻസിന്റെ അണ്ടർ 18 ടീമിലെ അംഗമാണ് ഹാന്നിബൽ.