2020 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ ജപ്പാന് കൈമാറി ഗ്രീസ്. ലോകം കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോളും ജപ്പാന്‍ പറയുന്നത് ടോക്കിയോ ഒളിമ്പിക്സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ്. ഇന്ന് അതിന്റെ ഭാഗമായാണ് ദീപശിഖ കൈമാറ്റം നടന്നത്.
1896ല്‍ ആദ്യത്തെ മോഡേണ്‍ ഒളിമ്പിക്സ് നടന്ന പാനഏത്നൈക് സ്റ്റേഡയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാത്ത ചടങ്ങിലാണ് ദീപശിഖ കൈമാറിയത്. മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്മാരായ ലെഫ്റ്റെരിസ് പെട്രോണിസും(ജിംനാസ്റ്റിക്സ്) പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ കറ്റരീന സ്റ്റെഫാനിഡിയുംആണ് ജപ്പാന്റെ പ്രതിനിധിയായ നവോകോ ഇമോട്ടോയ്ക്ക് ദീപശിഖ കൈമാറിയത്. 1996 ഏതന്‍സ് ഒളിമ്പിക്സില്‍ ജപ്പാനെ നീന്തലില്‍ പ്രതിനിധീകരിച്ച താരമാണ് ഇമോട്ടോ.
ഗ്രീസില്‍ തന്നെ താമസിക്കുന്ന യുനിസെഫിന്റെ പ്രതിനിധിയായ ഇമോട്ടോയെ അവസാന നിമിഷമാണ് ദീപശിഖ ഏറ്റുവാങ്ങുവാന്‍ ജപ്പാന്‍ നിശ്ചയിച്ചത്. അതിനാല്‍ തന്നെ ജപ്പാനില്‍ നിന്ന് ഗ്രീസിലേക്കുള്ള യാത്ര ഒഴിവായിക്കിട്ടി.