റോബിൻ ഗോസൻസ് യൂണിയൻ ബെർലിനിൽ, പകരം ബ്രസീലിയൻ താരത്തെ ടീമിൽ എത്തിച്ചു ഇന്റർ

Wasim Akram

ഇന്റർ മിലാന്റെ ജർമ്മൻ ലെഫ്റ്റ് ബാക്ക് റോബിൻ ഗോസൻസ് യൂണിയൻ ബെർലിനിൽ ചേരും. ഏതാണ്ട് 15 മില്യൺ യൂറോ നൽകിയാണ് ജർമ്മൻ ക്ലബ് താരത്തെ സ്വന്തമാക്കുന്നത്. 2022 ൽ അടലാന്റയിൽ നിന്നു ഇന്ററിൽ എത്തിയ 29 കാരനെ ഒരു സീസണിന് ശേഷം വിൽക്കാൻ ഇന്റർ തീരുമാനിക്കുക ആയിരുന്നു. ഗോസൻസിന്റെ അനുഭവസമ്പത്ത് ഇക്കുറി ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തുന്ന ബെർലിന് ഗുണകരമാകും.

ഗോസൻസ്

അതേസമയം ഗോസൻസിന് പകരക്കാരനായി സീരി എ ടീം ആയ മോൻസയുടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് കാർലോസ് അഗുസ്റ്റോയെ ഇന്റർ മിലാൻ ടീമിൽ എത്തിക്കും. നിലവിൽ ഈ സീസണിൽ ലോണിൽ ആണ് താരത്തെ ഇന്റർ എത്തിക്കുക. എന്നാൽ അടുത്ത വർഷം താരത്തെ 15 മില്യൺ നൽകി സ്വന്തമാക്കാനുള്ള വ്യവസ്ഥ ഈ കരാറിൽ ഉണ്ട്. ബ്രസീലിൽ നിന്നു 2020 ൽ മോൻസയിൽ എത്തിയ 24 കാരനായ കാർലോസ് സെന്റർ ബാക്ക് ആയും കളിക്കാൻ പറ്റുന്ന താരമാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ആണ് താരം നടത്തിയത്.