പോർച്ചുഗല്ലിനും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മറക്കാനാവാത്ത രാത്രിയാണ് യൂറോ 2020 സമ്മാനിച്ചത്. ഫ്രാൻസിനെതിരായ പരാജയത്തിൽ നിന്നും വമ്പൻ തിരിച്ച് വരവാണ് ഇന്നലെ ജോവാക്കിം ലോയും ജർമ്മൻ പടയും നടത്തിയത്. യൂറോയിൽ ജർമ്മനിയുടെ രണ്ടിനെതിരെ നാല് ഗോളുകളുടെ തകർപ്പൻ ജയം. ഒരു ഗോളടിക്കുകയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത് കളിയിലെ താരമായി മാറിയത് അറ്റലാന്റയുടെ വിംഗ്ബാക്കായ റോബിൻ ഗോസെൻസാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോയോടുള്ള ഗോസെൻസിന്റെ മധുരപ്രതികാരം കൂടിയായിരുന്നു ഇന്നലെ നടന്നത്.
ഇറ്റലിയിൽ യുവന്റസ് – അറ്റലാന്റ മത്സരത്തിന് ശേഷം റോണാൾഡൊയുടെ ജേഴ്സി ചോദിച്ചപ്പോൾ തന്നെ നോക്കാതെ ‘ നോ ‘ പറഞ്ഞ് പോയ റോണാൾഡോയെ കുറിച്ച് ഗോസെൻസ് പിന്നീട് പറഞ്ഞിരുന്നു. അന്ന് താൻ എത്രമാത്രം ചെറുതായി എന്ന് ഗോസെൻസ് ഓർത്തെടുത്ത് തന്റെ ഓഡിയോഗ്രാഫിയിൽ പറയുകയും ചെയ്തു. ഇന്നലെ ജോവാക്കിം ലോ തിരികെ വിളിക്കും വരെ കളം നിറഞ്ഞ് കളിച്ചത് ഗോസെൻസായിരുന്നു. കളിയിലും ആകാരത്തിലും ലൂക്കാസ് പെഡോൾസ്കിയെ ഓർമ്മിപ്പിക്കുന്ന ഗോസെൻസ് പോർച്ചുഗീസ് പ്രതിരോധത്തിനെ കടുത്ത സമ്മർദ്ദത്തിലുമാക്കി. ഒരു ഗോൾ വഴങ്ങി ജർമ്മനി നിൽക്കുമ്പോളും പുസ്കാസ് അവാർഡ് നോമിനേഷൻ അർഹിക്കുന്ന ഒരു ഗോൾ ഗോസെൻസ് നേടിയിരുന്നു. ബിൽഡപ്പിൽ തോമസ് മുള്ളറിന്റെ ഹാന്റ്ബോൾ കാരണം ആ ഗോൾ അനുവദിക്കപ്പെട്ടില്ല.
പിന്നീട് മത്സരത്തിൽ ഉടനീളം നെൽസൻ സമെഡോയുടെ പേടി സ്വപ്നമായി മാറിയ ഗോസെൻസ് ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി ജർമ്മനിയുടെ വമ്പൻ തിരിച്ച് വരവിന് ചുക്കാൻ പിടിച്ചു. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ പ്രതിരോധ താരങ്ങൾക്കിടയിൽ ഏറ്റവും മികച്ച ഗോളടി വീരനായ ഗോസെൻസ് ഇന്റർനാഷ്ണൽ ഫുട്ബോളിലും വരവറിയിച്ച ദിനമായിരുന്നു ഇന്നലെ. ക്രിസ്റ്റ്യാനോ റോണാൾഡോക്ക് മറക്കാനാവാത്ത രാത്രി സമ്മാനിച്ച ഗോസെൻസ് തന്റെ പ്രതികാരവും പൂർത്തിയാക്കി തലയുയർത്തിയാണ് ഇന്നലെ കളം വിട്ടത്.