വിരാട് കോഹ്‍ലിയെ മികച്ചൊരു ഗൂഗ്ളിയില്‍ ക്ലീന്‍ ബൗള്‍ഡ്, എബി ഡി വില്ലിയേഴ്സിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി, ഹെറ്റ്മ്യറിനെ കീപ്പറിന്റെ കൈകളിലെത്തിച്ചു ഇതായിരുന്നു ഇന്നത്തെ ശ്രേയസ്സ് ഗോപാലിന്റെ മൂന്ന് വിക്കറ്റുകള്‍. കോഹ്‍ലിയും ഡി വില്ലിയേഴ്സും വമ്പന്‍ സ്രാവുകള്‍. വിന്‍ഡീസിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ഷിമ്രണ്‍ ഹെറ്റ്മ്യര്‍ മൂന്നാം വിക്കറ്റ്. 4 ഓവറില്‍ 12 റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ്സ് ഗോപാല്‍ ബാംഗ്ലൂരിനെ ആദ്യ പത്തോവറില്‍ തന്നെ പ്രതിരോധത്തിലാക്കുകയായിരുന്നു. പവര്‍പ്ലേ വരെ വിക്കറ്റ് നഷ്ടമില്ലാതെ പോയ ടീമാണ് അടുത്ത അഞ്ചോവറിനുള്ളില്‍ മൂന്ന് വമ്പന്‍ താരങ്ങളെ നഷ്ടമായത്.
തന്റെ ബൗളിംഗ് പ്രകടനം രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചപ്പോള്‍ ശ്രേയസ്സ് ഗോപാലിനു അത് മാന്‍ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കുവാനും സഹായിച്ചു. ഈ വമ്പന്‍ സ്രാവുകളെ വീഴ്ത്താന്‍ ആയത് തന്റെ ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് താരം പറഞ്ഞത്. ഇത് എല്ലാ ദിവസവും സംഭവിക്കുന്നതല്ല, ഇത് തന്റെ കരിയറിലെ വലിയ നേട്ടമാണ്, ദിവസവും.
ആദ്യ ഓവറുകള്‍ എറിഞ്ഞ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദമാണ് ബാംഗ്ലൂര്‍ ബാറ്റ്സ്മാന്മാരെ തനിക്കെതിരെ റണ്‍സ് എടുക്കുവാന്‍ ശ്രമിക്കാന്‍ ഇടയാക്കിയത്. അത് തനിക്ക് വിക്കറ്റ് നേടുവാനുള്ള അവസരം സൃഷ്ടിച്ചുവെന്നും ഗോപാല്‍ പറഞ്ഞു. വിവിധ തരം ബോളുകള്‍ എറിയുവാന്‍ കഴിയുന്നത് എന്നും ഗുണം തന്നെയാണെന്നും ഗോപാല്‍ കൂട്ടിചേര്‍ത്തു.