കേരള പ്രീമിയർ ലീഗ് കിരീടം ഗോൾഡൻ ത്രഡ്സ് സ്വന്തമാക്കി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് കെ എസ് ഇ ബിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഗോൾഡൻ ത്രഡ്സ് കിരീടം നേടിയത്. ഗോൾഡൻ ത്രഡ്സിന്റെ ആദ്യ കേരള പ്രീമിയർ ലീഗ് കിരീടമാണിത്. കെ എസ് ഇ ബിക്ക് ആകട്ടെ കെ പി എൽ ഫൈനലിൽ ഇത് തുടർച്ചയായ രണ്ടാം തവണയാണ് പരാജയം നേരിടേണ്ടി വരുന്നത്.
ഇന്ന് ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. ഗോൾഡൻ ത്രഡ്സ് ആയിരുന്നു കൂടുതൽ സമയം പന്ത് കൈവശം വെച്ചത്. എന്നാൽ രണ്ട് ടീമുകളും ഫൈനൽ തേർഡിൽ മികവ് പുലർത്തിയില്ല. രണ്ടാം പകുതിയിൽ ഗോൾഡൻ ത്രഡ്സ് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. 52ആം മിനുട്ടിൽ കെ എസ് ഇബി കീപ്പർ ഹജ്മലിന്റെ ഒരു നല്ല സേവ് കാണാൻ ആയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾഡൻ ത്രഡ്സ് തുടർച്ചയായി സെറ്റ് പീസിലൂടെ ജെ എസ് ഇ ബിയെ സമ്മർദ്ദത്തിൽ ആക്കി. നൂഹിവിന് കിട്ടിയ ഒരു അവസരം പോസ്റ്റിന് തൊട്ടടുത്തു കൂടെ പുറത്ത് പോയി. സബ്ബായി എത്തിയ ആസിഫ് സഹീറിന്റെയും ഒരു മികച്ച റൺ കളിയിൽ കാണാൻ ആയി.
90 മിനുട്ട് കളിച്ചിട്ടും ഇരു ടീമുകളും വല കണ്ടെത്തിയില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും ഗോൾഡൻ ത്രഡ്സിന് രണ്ട് നല്ല അവസരങ്ങൾ കിട്ടി. 101ആം മിനുട്ടിൽ നൂഹുവിന്റെ ഒരു ഗോൾ ശ്രമം ഹജ്മൽ ഒരു ഗംഭീര സേവിലൂടെ രക്ഷിച്ചു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സേവിൽ ഒന്നായിരുന്നു ഇത്.
എക്സ്ട്രാ രണ്ടാം പകുതിയിൽ ഗോൾഡൻ ത്രഡ്സിന് ലീഡ് എടുക്കാൻ ആയി. ക്യാപ്റ്റൻ അജയ് അലക്സിന്റെ ഫ്രീകിക്ക് ആണ് ഗോൾഡൻ ത്രഡ്സിന് ലീഡ് നൽകിയത്. അവസാന നിമിഷങ്ങളിൽ നൂഹു കൂടെ ഗോൾ നേടിയതോടെ വിജയം ഉറപ്പായി. കെ എഫ് എയുടെ കീഴിൽ ഗോൾഡൻ ത്രഡ്സിന്റെ രണ്ടാം കിരീടം ആണിത്. മുമ്പ് 2011ൽ ഗോൾഡൻ ത്രഡ്സ് കേരള ക്ലബ് ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.