വലിയ ലക്ഷ്യങ്ങളുമായി ഗോകുലം ഇന്ന് വീണ്ടും ഇറങ്ങുന്നു

എ.എഫ്.സി കപ്പ്
ഗോകുലം ഇന്ന് ബസുന്ധര കിങ്‌സിനെതിരേ
കൊല്‍ക്കത്ത:

എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരു എന്ന സ്ഥിതിയാണ്. ഗോകുലം ജയിക്കുകയും എ.ടി.കെ – മസിയ മത്സരത്തില്‍ എ.ടി.കെ സമനില പിടിക്കുകയോ ജയിക്കുകയോ ചെല്‍താല്‍ ഗോകുലത്തിന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിക്കും. ഇങ്ങനെ വരുകയാണെങ്കില്‍ ഹെഡ് ടു ഹെഡ് പരിഗണിച്ചാല്‍ ഗോകുലത്തിനായിരിക്കും മുന്‍തൂക്കം ലഭിക്കുക.

ആദ്യ മത്സരത്തില്‍ ഗോകുലം കേരളയോട് പരാജയപ്പെട്ട എ.ടി.കെ രണ്ടാം മത്സരത്തില്‍ ബസുന്ധര കിങ്‌സിനെ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം മത്സരത്തില്‍ മാല്‍ഡീവ്‌സ് ക്ലബിനോട് ഒരു ഗോളിന് പരാജയപ്പെട്ടതോടെയാണ് ഗോകുലത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. ഗ്രൂപ്പിലെ മൂന്ന് ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ എല്ലാവര്‍ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. അതിനാല്‍ ഗ്രൂപ്പിലെ അവസാന മത്സരം അല്‍പം കടുത്തതായിരിക്കും.
20220521 210730
വൈകിട്ട് 4.30ന് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലം ബസുന്ധരകിങ്‌സിനെ നേരിടുന്നത്. ഗോകുലം നിരയില്‍ താരങ്ങളെല്ലാം പൂര്‍ണ ഫിറ്റ്‌നസിലാണെന്നുള്ളതിനാല്‍ ബസുന്ധര കിങ്‌സിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ അന്നീസെയും സംഘവും. മുന്നേറ്റതാരങ്ങളായ ജോര്‍ദാന്‍ ഫ്ലചർ, ലൂക്ക മെജ്‌സിയന്‍ തുടങ്ങിയവരും മധ്യനിര താരങ്ങളായ എമില്‍ ബെന്നി, ജിതിന്‍, പ്രതിരോധത്തില്‍ മുഹമ്മദ് ഉവൈസ്, അമിനോ ബൗബ എന്നിവരും മികച്ച ഫോമിലാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ മുഹമ്മദ് ഷരീഫും മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ്. അതിനാല്‍ ഇന്നത്തെ മത്സരം മികച്ച മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിയന്‍സ്.

മത്സരം സ്റ്റാര്‍സ്‌പോര്‍ട്3യില്‍ തല്‍സമയ സംപ്രേക്ഷണവുമുണ്ട്.