എ എഫ് സി കപ്പിൽ അരങ്ങേറ്റം നടത്തുന്ന ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ന് ഐ എസ് എൽ ക്ലബായ മോഹൻ ബഗാനെ തകർത്തെറിഞ്ഞു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മോഹൻ ബഗാനെ ഗോകുലം തോൽപ്പിച്ചത്.
സ്വന്തം ആരാധകർക്ക് മുന്നിൽ കളിക്കുന്ന മുൻ തൂക്കം മോഹൻ ബഗാന് ഉണ്ടെങ്കിലും അത് ഇന്ന് കളത്തിൽ കാര്യമായി കണ്ടില്ല. ആദ്യ പകുതിയിൽ എമിൽ ബെന്നിയുടെ ഒരു ഷോട്ടായിരുന്നു ഗോകുലത്തിന് കിട്ടിയ ആദ്യ മികച്ച അവസരം. എമിലിന്റെ ഷോട്ട് ഗോൾ ബാറിന് തൊട്ടു മുകളിലൂടെയാണ് പുറത്ത് പോയത്.
മത്സരത്തിനിടയിൽ ലൂകയെ ഫൗൾ ചെയ്യുന്നതിനിടയിൽ മോഹൻ ബഗാൻ താരം തിരിക്ക് പരിക്കേൽക്കുക ഉണ്ടായി. ഗുരുതരമായ പരുക്ക് ആയതിനാൽ പെട്ടെന്ന് തന്നെ തിരിയെ കളത്തിൽ നിന്ന് മാറ്റി. ആദ്യ പകുതിയിൽ ഹക്കുവും അമിനോയും അടങ്ങുന്ന ഗോകുലം ഡിഫൻസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
രണ്ടാം പകുതിയിൽ ഗോകുലം അറ്റാക്കിലേക്ക് മാറി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ തന്നെ എമിൽ ബെന്നിയുടെ ക്രോസിൽ നിന്ന് ലൂകയ്ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും ലൂകയുടെ ശ്രമം കണക്ട് ആയില്ല. എങ്കിലും 50ആം മിനുട്ടിൽ ലൂക ആ അവസരം നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തം ചെയ്തു. വലതു ഭാഗത്ത് നിന്ന് താഹിർ സമാൻ നൽകിയ പാസിൽ നിന്ന് ലൂകയുടെ ഫിനിഷ്. ഗോകുലം മുന്നിൽ.
ഗോകുകത്തിന്റെ ലീഡ് അധിക സമയം നീണ്ടു നിന്നില്ല. 52ആം മിനുട്ടിൽ തന്നെ എ ടി കെ സമനില കണ്ടെത്തി. ഒരു സെറ്റ് പീസിൽ നിന്ന് പ്രിതം കോടാലാണ് മോഹൻ ബഗാനായി സമനില നേടിയത്.
ഗോകുലം അതിൽ പതറിയില്ല. വീണ്ടും അറ്റാക്ക് തുടർന്നു. 58ആം മിനുട്ടിൽ വീണ്ടും ഗോൾ. ഇത്തവണ ഇടതു വിങ്ങിലൂടെ വന്ന ഫ്ലച്ചറിന്റെ മുന്നേറ്റം റിഷാദിലൂടെ മോഹൻ ബഗാൻ വലയിലേക്ക്. ഒരിക്കൽ കൂടെ കൊൽക്കത്തയിൽ റിഷാദിന്റെ ആക്രബോറ്റിക് സെലിബ്രേഷനും. സ്കോർ 2-1
ഗോകുലം നിർത്തിയില്ല. 65ആം മിനുട്ടിൽ ഗോകുലത്തിന്റെ മൂന്നാം ഗോൾ. അനായാസ ഫിനിഷിലൂടെ ലൂകയാണ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന് രണ്ട് ഗോളിന്റെ ലീഡ് നൽകി.
80ആം മിനുട്ടിൽ ഒരു സൂപ്പർ ഫ്രീകിക്കിലൂടെ ലിസ്റ്റൺ കൊളാസോ ബഗാന് വേണ്ടി ഒരു ഗോൾ കൂടെ മടക്കി. സ്കോർ 3-2. എങ്കിലും സമ്മർദ്ദത്തിന് വഴങ്ങാതെ ഗോകുലം കളിച്ചു. 88ആം മിനുറ്റിൽ ജിതിൻ എം എസ്സിലൂടെ വിജയം ഉറപ്പിച്ച നാലാം ഗോൾ.
ഗോകുലം കേരള ഇനി മെയ് 21ന് മസിയയെ നേരിടും.