ഗോകുലം കേരള എന്ന ക്ലബ് കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയിയിരിക്കുകയാണ്. കേരളം ഫുട്ബോളിൽ കൊൽക്കത്ത പോലെ തന്നെ വലിയ ശക്തിയാണെന്ന് പണ്ടു മുതലെ പറയുന്നുണ്ട് എങ്കിലും അതിന് തെളിവായി വെക്കാൻ ഒരു ദേശീയ ലീഗ് കിരീടം പോലും കേരളത്തിന് ഇതുവരെ ഉണ്ടായിരുന്നില്ല. 30 വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷൻ കപ്പായിരുന്നു എ എഫ് സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂർണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി.
നാഷണൽ ലീഗും ഐ ലീഗും ഐ എസ് എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തി എങ്കിലും കപ്പ് വന്നില്ല. പക്ഷെ ഗോകുലം കേരള ആ കാത്തിരിപ്പിന് അവസാനം കുറിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കേരള ഫുട്ബോളിന് പുത്തൻ ഉണർവ് തന്നെങ്കിലും അവർ അമിത പ്രതീക്ഷയിൽ തട്ടി സ്ഥിരമായി വീണു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി വെച്ച കേരള ഫുട്ബോളിന്റെ പുതു യാത്ര ഇപ്പോൾ ഫിനിഷിങ് ലൈനിൽ എത്തിച്ചിരിക്കുന്നത് ഗോകുലം കേരള ആണ്. വാചകമടികൾ കുറവായത് കൊണ്ട് തന്നെ അധികം വെറുപ്പ് സമ്പാദിക്കാത്ത ക്ലബായി അവസാന നാലു വർഷത്തിൽ ഗോകുലം കേരള ഉയർന്നു.
നാലു വർഷങ്ങളിലായി നാലു വലിയ കിരീടങ്ങളും ഗോകുലം കേരള നേടി. ആദ്യം കേരള പ്രീമിയർ ലീഗ്, പിന്നെ ഡ്യൂറണ്ട് കപ്പ്, പിന്നാലെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാരായി കൊണ്ട് അഭിമാനകരമായി നേട്ടത്തിൽ എത്തി. ഇന്ത്യയിലെ വലിയ ക്ലബുകൾ ഒക്കെ വനിതാ ടീം ഒരുക്കാൻ മടിച്ച് നിൽക്കുമ്പോൾ ആയിരുന്നു രാജ്യത്തെ മികച്ച വനിതാ ടാലന്റുകളെ വെച്ച് ഗോകുലം കേരള ഫുട്ബോൾ ടീം ഒരുക്കിയത്.
ഇപ്പോൾ ഐ ലീഗ് കിരീടം കൂടെ. ഇതോടെ ആദ്യമായി എ എഫ് സി കപ്പ് യോഗ്യത നേടുന്ന കേരള ക്ലബുമായി. ഈ വിജയ രാത്രിയോടെ നേടുമ്പോൾ ക്ലബിന്റെ ആദ്യ ലക്ഷ്യങ്ങൾ ഒക്കെ പൂർത്തിയാവുകയാണ് എന്ന് പറയാം. ഫുട്ബോളിൽ മാത്രം താല്പര്യമുള്ള ഒരുപറ്റം ആൾക്കാരുടെ വലിയ പ്രയത്നങ്ങൾ ആണ് ഗോകുലം കേരളയെ നാലു വർഷത്തിൽ ഇത്ര വളർത്തിയത്. ഇനിയും വലിയ തേരോട്ടങ്ങൾ നടത്താൻ ഗോകുലം കേരളക്ക് ആകും. ഒപ്പം കേരളത്തിലെ ഉയർന്ന് വരുന്ന പ്രൊഫഷണൽ ക്ലബുകൾക്ക് എങ്ങനെ ഒരു ക്ലബ് നടത്തണം എന്ന വലിയ മാതൃകയുമാണ് ഗോകുലം കേരള.