യുവ മലയാളി താരമായ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചു. ഗോകുലവുമായി നടന്ന കരാർ ചർച്ചകളിലെ പ്രതിസന്ധികൾ പരിഹരിച്ചതോടെയാണ് അർജുൻ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഇറങ്ങും എന്ന് ഉറപ്പായത്. താരം കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പിവെച്ചിരിക്കുന്നത്. സാങ്കേതികമായ നടപടികൾ പൂർത്തിയാക്കിയാൽ കേരള ബ്ലാസ്റ്റേഴ്സ് അർജുന്റെ വരവ് ഔദ്യോഗികമായി അറിയിക്കും.
ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ഗോകുലം കേരള എഫ് സിയിൽ ഒരു വർഷത്തെ കരാർ കൂടെ ബാക്കി ഇരിക്കെ ആണ് അർജുനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ട്രാൻസ്ഫർ തുക ആയി 21 ലക്ഷം കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം കേരള എഫ് സിക്ക് നൽകും.
മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള താരമാണ് അർജുൻ. അർജുൻ, രാഹുൽ, സഹൽ എന്നീ മൂന്ന് മലയാളി താരങ്ങളും അണിനിരക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡ് മലയാളി മിഡ്ഫീൽഡായി മാറും.