പുതിയ ഒരു റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഇതിഹാസ ബ്രിട്ടീഷ് അത്ലറ്റ് മൊ ഫറാ. 4 തവണ 5000, 10,000 മീറ്ററുകളിൽ ആയി ഒളിമ്പിക്സിൽ സ്വർണം നേടിയ ഫറാ ട്രാക്കിലേക്കുള്ള തന്റെ തിരിച്ചു വരവിൽ ആണ് പുതിയ റെക്കോർഡ് കുറിച്ചത്. ബ്രസൽസ് ഡയമണ്ട് ലീഗിൽ ആണ് ഫറാ തന്റെ പുതിയ റെക്കോർഡ് കുറിച്ചത്.
ഒരു മണിക്കൂർ ഓട്ടത്തിൽ ആണ് ഫറാ റെക്കോർഡ് കുറിച്ചത്. 2007 ൽ ഹെയ്‌ലി ഗെബർസെലസി സ്ഥാപിച്ച 21,285 മീറ്റർ എന്ന റെക്കോർഡ് ഫറാ 21,330 മീറ്റർ ആയി തിരുത്തി. 37 വയസ്സുകാരൻ ആയ താരത്തിന്റെ ആദ്യ ഔട്ട് ഡോർ ലോക റെക്കോർഡ് ആണ് ഇത്. അപൂർവ്വമായി നടക്കാറുള്ള ഒരു മണിക്കൂർ ഓട്ടത്തിൽ അത്ലറ്റുകൾ 60 മിനിറ്റിൽ ഏറ്റവും കൂടുതൽ ദൂരം ഓടാൻ ആണ് ശ്രമിക്കുക. ഇടക്ക് ട്രാക്കിൽ നിന്നു വിരമിച്ച ശേഷം തിരിച്ചു വന്ന ഫറാ അടുത്ത വർഷത്തേക്ക് മാറ്റി വച്ച ടോക്കിയോ ഒളിമ്പിക്‌സിൽ 10,000 മീറ്ററിൽ മത്സരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.