ഗോവൻ അറ്റാക്ക് തന്നെ വീണ്ടും ജയിച്ചു, എഫ് സി ഗോവ ലീഗിൽ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവൻ അറ്റാക്ക് വീണ്ടും വിജയിച്ചിരിക്കുകയാണ്. ലൊബേരയുടെ അറ്റാക്ക് മാത്രം എന്ന ടാക്ടിക്സിന് മുന്നിൽ ഇന്ന് പൂനെ സിറ്റിയുടെ ഡിഫൻസാണ് തകർന്നടിഞ്ഞത്. ഇടക്ക് തിരിച്ചടിച്ചു എങ്കിലും 4-2ന്റെ വലിയ തോൽവി തന്നെ ഇന്ന് പൂനെ സിറ്റിക്ക് ലഭിച്ചു‌. ഗോവയ്ക്കാകട്ടെ സ്വന്തം ഹോമിൽ മറ്റൊരു വൻ ജയവും. കഴിഞ്ഞ മത്സരത്തിൽ ഇതേ ഗ്രൗണ്ടിൽ മുംബൈയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഗോവ തോൽപ്പിച്ചിരുന്നു.

ഇന്ന് എഫ് സി ഗോവ പൂനെ സിറ്റി മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ആറു ഗോളുകൾ പിറന്നിരിന്നു. ഒരു ദയയുമില്ലാതെ അറ്റാക്ക് ചെയ്ത് എഫ് സി ഗോവ കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ വലകുലുക്കി‌. കോറോ തന്നെ ആയിരുന്നു പതിവു പോലെ സ്കോറർ‌. ഗോവയുടെ ഡിഫൻസിലെ പോരായ്മ അറിഞ്ഞ പൂനെ സിറ്റി അതേ നാണയത്തിൽ തിരിച്ചടിച്ചു. 8ആം മിനുട്ടിൽ സ്കോർ 1-1. മാർസെലീനോ ആയിരുന്നു പൂനെക്കായി ഗോൾ നേടിയത്. മാർസലീനീയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

അടിക്ക് തിരിച്ചടി തുടർന്നു 12ആം മിനുട്ടിൽ വീണ്ടും ഗോവൻ ഗോൾ. ഹൂഗോ ബോമസ് ആയിരുന്നു ഗോവക്ക് ലീഡ് തിരിച്ചു കൊടുത്തത്. എട്ടു മിനുട്ടുകൾക്കകം മറ്റൊരു ഗോളിലൂടെ ജാക്കിചന്ദ് ഗോവയെ 3-1ന് മുന്നിലും എത്തിച്ചു. 23ആം മിനുട്ടിൽ വീണ്ടും പൂനെയുടെ ഒരു ഗോൾ. ആൽഫാരോയുടെ ഗംഭീര ഫിനിഷ് സ്കോർ 3-2 ആക്കി.

ഇരുടീമും അറ്റാക്ക് തുടർന്നപ്പോൾ ഏതു നിമിഷവും ഗോൾ വീഴാം എന്ന രീതിയിൽ കളി മുന്നോട്ട് പോയി. 35ആം മിനുട്ടിൽ കോറോ തന്റെ സീസണിലെ ആറാം ഗോളോടെ ഗോവയെ 4-2 എന്ന സുരക്ഷിത നിലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ തിരിച്ചുവരാനുള്ള അവസരം പൂനെക്ക് വീണ്ടും കിട്ടി. പക്ഷെ പെനാൾട്ടി എടുത്ത ആൽഫാരോയ്ക്ക് പിഴച്ചു. അൽഫാരോയുടെ ഷോട്ട് നവാസ് സേവ് ചെയ്യുക ആയിരുന്നു. കളിയുടെ 86ആം മിനുട്ടിൽ പൂനെ സിറ്റി താരം ഡിയേഗോയും 90ആം മിനുട്ടിൽ ഗോവ താരം കോറോയുൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കളിയുടെ നിറം കെടുത്തി

ഇന്നത്തെ ജയത്തോടെ 4 മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി ഗോവ ലീഗിന്റെ ഒന്നാമത് തിരിച്ചെത്തി. പൂനെ സിറ്റി ഒരു പോയന്റുമായി അവസാന സ്ഥാനത്ത് തന്നെയാണ്.