ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടുമൊരു സമനില. ഇന്ന് നടന്ന എടികെ കൊൽക്കത്ത ഒഡീഷ എഫ്സി പോരാട്ടം ഗോൾ രഹിത സമനിലയിൽ. പൂനെയിലെ ബലെവാടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എടികെയെ സമനില കുരുക്കിലാക്കാൻ ഒഡീഷക്ക് സാധിച്ചു. ഗോൾ രഹിത സമനില ആണെങ്കിലും ഇരു ടീമുകളും ജയപ്രതീക്ഷ വെച്ച് പുലർത്തിയ മത്സരമായിരുന്നു ഇന്നത്തേത്.
തുടർച്ചയായ നാലാം ജയത്തിനായിറങ്ങിയ എടികെക്ക് മുന്നിൽ പ്രതിരോധ മതിൽ തീർക്കുകയായിരുന്നു ഒഡീഷ. മോശം റഫറിയിംഗിന്റെ പേരിൽ ഐഎസ്എല്ലിൽ ഓർത്തിരിക്കാവുന്ന മറ്റൊരു മത്സരമാണ് ഇന്ന് കഴിഞ്ഞത്. ആദ്യ പകുതിയിൽ ഒഡീഷക്ക് എതിരെയും രണ്ടാം പകുതിയിൽ എടികെക്ക് എതിരെയുമായിരുന്നു റഫറിയുടെ മോശം തീരുമാനം. ആദ്യ പകുതിയിൽ റഫറിയുടെ മോശം തീരുമാനം കാരണം ഒഡീഷക്ക് നഷ്ടമായത് ഒരു പെനാൽറ്റിയാണ്.
ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഇരു ടീമുകൾക്കും ഗോളടിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു. തുടക്കത്തിൽ തന്നെ സന്റാനയിലൂടെ എടികെയെ ഒഡീഷ വിറപ്പിച്ചു. പിന്നാലെ ഒരു സുവർണ്ണാവസരം റോയ് കൃഷ്ണ നഷ്ടമാക്കി. പിന്നാലെ ഡേവിഡ് വില്ല്യംസും ഒരു ഗോളിനായി ശ്രമിച്ചെങ്കിലും ഒഡീഷ ഗോൾ കീപ്പർ തടഞ്ഞു. 37 ആം മിനുട്ടിൽ സൂസൈരാജ് ബോക്സിൽ സാരംഗിയെ വീഴ്ത്തിയെങ്കിലും ഒഡീഷയെ ഞെട്ടിച്ച് റഫറി പെനാൽറ്റി അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ എഡു ഗാർസിയയും ജോബി ജസ്റ്റിനും എടികെക്കായി ഇറങ്ങിയെങ്കിലും ഗോൾ ഒന്നും പിറന്നില്ല. ജോബി കളത്തിലിറങ്ങിയ ഉടനെ എടികെമുന്നേറ്റം ആരംഭിച്ചിരുന്നു. രണ്ടാം പകുതിയിലെ അവസാന മിനുട്ടുകളിൽ റഫറിയിംഗും എടികെക്ക് എതിരായിരുന്നു. ഇതോടെ അഞ്ച് കളികളിൽ മൂന്ന് ജയവുമായി എടികെ തന്നെയാണ് ഐഎസ്എൽ പോയന്റ് നിലയിൽ ഒന്നാമത്.