ഗോവയെ സമനിലയിൽ പിടിച്ചുകെട്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Staff Reporter

ഐ.എസ്.എല്ലിലെ മികച്ച ആക്രമണ നിരായുള്ള ഗോവയെ സമനിലയിൽ പിടിച്ചു കെട്ടി നോർത്ത് ഈസ്റ്റ്. ആവേശകരമായ മത്സരത്തിൽ 2-2നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചത്. രണ്ടു തവണ പിറകിലായിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. മത്സരം സമനിലയിലായതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഗോവ അഞ്ചാംസ്ഥാനത്തെത്തി.

ഇരു ടീമുകളും പരസ്പരം ആക്രമിച്ചുകൊണ്ടാണ് മത്സരം തുടങ്ങിയത്. ഗോവ ഗോൾ കീപ്പർ കട്ടിമണിയുടെയും നോർത്ത് ഈസ്റ്റ് കീപ്പർ രഹനേഷിന്റെയും രക്ഷപെടുത്തലുകളാണ് പലപ്പോഴും മത്സരം ഗോൾ രഹിതമാക്കിയത്.  ആദ്യ പകുതി ഗോൾ രഹിതമാവുമെന്നു തോന്നിച്ച ഘട്ടത്തിലാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്.  ജോനാതൻ കാർഡോസോയുടെ പെനാൽറ്റി ബോക്സിലേക്ക് വന്ന ക്രോസ്സ് മാർട്ടിൻ ഡയസിന്റെ കാലിൽ തട്ടി ബോക്സിലേക്ക് ഓടി വന്ന മന്ദർ റാവു ദേശായിയുടെ കാലിൽ കിട്ടുകയും മികച്ചൊരു ഫിനിഷിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കുകയായിരുന്നു.

എന്നാൽ ഗോവയുടെ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മാർസിഞ്ഞോയാണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്ന് ഹാലിച്ചരൻ നർസരിയുടെ പാസിൽ നിന്നാണ് മാർസിഞ്ഞോ സമനില ഗോൾ നേടിയത്. ഈ ഗോളോടെ ഐ.എസ്.എൽ സീസണിൽ എല്ലാ മത്സരത്തിലും ഗോൾ വഴങ്ങിയ ടീമെന്ന റെക്കോർഡ് ഗോവ കാത്തുസൂക്ഷിച്ചു.

രണ്ടാം പകുതിയിൽ വീണ്ടും ഗോവ മുൻപിലെത്തി. ഇത്തവണ ഫെറാൻ കോറോമിനാസ് ആണ് രഹനേഷിന്റെ മറികടന്ന് നോർത്ത് ഈസ്റ്റ് ഗോൾ വല കുലുക്കിയത്. മാനുവൽ ലാൻസറൊട്ടേയുടെ പാസിൽ നിന്നാണ് കോറോമിനാസ് ഗോൾ നേടിയത്. ഐ.എസ്.എൽ സീസണിൽ കോറോയുടെ 13മത്തെ ഗോളായിരുന്നു ഇത്.

ഒരു ഗോളിന് പിറകിലായതോടെ ജോൺ മോസ്‌ക്കരയെ ഇറക്കി നോർത്ത് ഈസ്റ്റ് ആക്രമണം ശക്തമാക്കി. അതിന്റെ പ്രതിഫലമെന്നോണം ജോൺ മോസ്‌ക്കരയിലൂടെ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു.  റൗളിൻ ബോർഗസും ഡൗങ്ങലും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജോൺ മോസ്‌ക്കര ഗോൾ നേടുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മത്സരം സമനിലയിലാവസാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial