ഐ എസ് എല്ലിൽ എഫ് സി ഗോവക്ക് വീണ്ടും സമനില. ഇന്ന് ഈസ്റ്റ് ബംഗാളിനോടാണ് ഗോവ സമനിലയുമായി കളി അവസാനിപ്പിച്ചത്. 1-1 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗോവ സമനിലയിൽ കുരുങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം എന്ന പോലെ ഇന്നും അവസാന അര മണിക്കൂറോളം 10 പേരുമായാണ് ഗോവ കളിച്ചത്.
ഇന്ന് തുടക്കത്തിൽ തന്നെ ഈസ്റ്റ് ബംഗാളിന് ലീഡ് എടുക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ അവർക്ക് കിട്ടിയ പെനാൾട്ടി എടുത്ത പിൽകിങ്ടണ് കിക്ക് ടാർഗറ്റിൽ അടിക്കാൻ പോലും ആയില്ല. മത്സരത്തിന്റെ 39ആം മിനുട്ടിൽ ഇഗർ അംഗുളോയിലൂടെ എഫ് സി ഗോവ കളിയിലെ ആദ്യ ഗോൾ നേടി. അതിനു ഒരു സെറ്റ് പീസിൽ നിന്ന് ഫോക്സിന്റെ ഗോളോടെ 65ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ മറുപടി നൽകി.
ഈ ഗോളിന് പിന്നാലെ ഗോവ ക്യാപ്റ്റൻ എഡു ബേഡിയ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. എങ്കിലും പരാജയപ്പെടാതെ പിടിച്ചു നിൽക്കാൻ ഗോവയ്ക്ക് ആയി. ധീരജ് സിങ് ഗോവയ്ക്ക് വേണ്ടി മികച്ച സേവുകൾ തന്നെ നടത്തി. ഗോവ 21 പോയിന്റുമായി മൂന്നാമതും 13 പോയിന്റുമായി ഈസ്റ്റ് ബംഗാൾ പത്താമതും നിൽക്കുകയാണ്.