സസ്പെൻഷൻ കഴിഞ്ഞ സ്റ്റാർ സ്ട്രൈക്കർ കോറോ തിരിച്ചെത്തുന്ന മത്സരത്തിൽ എഫ് സി ഗോവ ഇൻ ഡെൽഹി ഡൈനാമോസിനെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ കോറൊ ഇല്ലാതെ ഇറങ്ങിയ എഫ് സി ഗോവ ജംഷദ്പൂരിനെതിരെ വൻ പരാജയം നേരിടേണ്ടി വന്നിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോവയുടെ അവസാന മത്സരത്തിലെ തോൽവി. ഈ സീസണിലെ ഗോവയുടെ ആദ്യ തോൽവിയുമായിരുന്നു ഇത്.
സീസണിൽ ഒരു ജയം വരെ ഇല്ലാത്ത ഡെൽഹി ആണ് ഗോവയുടെ ഇന്നത്തെ എതിരാളികൾ. ഏഴു മത്സരങ്ങളിൽ നിന്നായി നാലു സമനില മാത്രമാണ് ഡെൽഹിയുടെ സമ്പാദ്യം. ഗോവയുടെ ഹോമിൽ ചെന്ന് വിജയം സ്വന്തമാക്കുക എളുപ്പമാകില്ല എന്ന് ഡെൽഹിക്ക് അറിയാമെങ്കിലും ജയിക്കാൻ തന്നെ ആകും ഡെൽഹി ഇറങ്ങുക എന്ന് പരിശീലകൻ ജോസഫ് ഗോമ്പാവു പറഞ്ഞു.
ഡെൽഹിയും ഗോവയും ഇതുവരെ 10 മത്സരങ്ങളിലാണ് ഐ എസ് എല്ലിൽ ഏറ്റു മുട്ടിയിട്ടുള്ളത്. ആ 10 മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ പിറന്നിട്ടുണ്ട്. ഇന്നും അത്തരം ഗോൾ മഴ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിജയ വഴിയിലേക്ക് മടങ്ങാൻ ഗോവയും ആദ്യ വിജയം എന്ന ലക്ഷ്യത്തിന് ഡെൽഹിയും ഇറങ്ങുമ്പോൾ ഗോവയിൽ തീപാറും എന്നു തന്നെയാണ് കരുതുന്നത്.