മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ദുരിതാവസ്ഥയ്ക്ക് കാരണക്കാരായ ക്ലബ് ഉടമകൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. അമേരിക്കൻ ഉടമകളായ ഗ്ലേസേഴ്സിന് എതിരെ വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിക്കുന്നുണ്ട്. പ്രീസീസൺ ക്യാമ്പ് ആരംഭിക്കാൻ ഇനി വെറും 10 ദിവസങ്ങൾ മാത്രം ഇരിക്കെയും ടീം ശക്തമാക്കാൻ താരങ്ങളെ എത്തിക്കാത്തതാണ് ഇപ്പോൾ ആരാധകരെ രോഷാകുലരാക്കിയിരിക്കുന്നത്.
ഇതുവരെ ആയി ഒരു സൈനിംഗ് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. അതും ചാമ്പ്യൻഷിപ്പ് ക്ലബായ സ്വാൻസി യുവതാരം ജെയിംസിനെ. ലുകാകു, പോഗ്ബ തുറങ്ങി ക്ലബിലെ വൻ താരങ്ങളൊക്കെ ക്ലബ് വിടാൻ ശ്രമിക്കുമ്പോൾ അവർക്ക് പകരക്കാരെ എത്തിക്കാൻ വരെ യുണൈറ്റഡ് ശ്രമിക്കുന്നില്ല. കഴിഞ്ഞ സീസണിൽ ആറാമത് ഫിനിഷ് ചെയ്ത യുണൈറ്റഡ് സോൾഷ്യാറിന് ടീം ശക്തമാക്കാൻ പണം മുടക്കും എന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും കാര്യത്തോട് അടുത്തപ്പോൾ പഴയ അവസ്ഥയിൽ തന്നെയാണ് യുണൈറ്റഡ് ഉള്ളത്.
കഴിഞ്ഞ സീസണിൽ ഇതേ പോലെ മോശമായിരുന്ന റയൽ മാഡ്രിഡ് ടീം ശക്തമാക്കാൻ വേണ്ടി മില്യണുകൾ വാരി എറിയുമ്പോഴാണ് റയൽ മാഡ്രിഡിനെ പോലെ തന്നെ വലിയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പിശുക്ക് കാണിക്കുന്നത്. അവസാന 14 വർഷമായി ക്ലബിനെ നശിപ്പിച്ചത് മതി എന്നും ഇനി ക്ലബ് വിടണം എന്നുമാണ് ഗ്ലേസേഴ്സിനോട് ആരാധകർ പറയുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മാഞ്ചസ്റ്റർ ആരാധകർ ഈ പ്രതിഷേധം നടത്തുന്നത്.