Shubmangillviratkohli

ഗില്ലിനും കോഹ്‍ലിയ്ക്കും അയ്യര്‍ക്കും ശതകം നഷ്ടം, മധുഷങ്കയ്ക്ക് 5 വിക്കറ്റ്

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 357 റൺസ്. ശുഭ്മന്‍ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ്സ് അയ്യരുടെ മികവുറ്റ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മൂവര്‍ക്കും ശതകങ്ങള്‍ നഷ്ടമായത് ഇന്ത്യന്‍ ആരാധകരിൽ നിരാശകൊണ്ടുവരികയായിരുന്നു.

രോഹിത് ശര്‍മ്മയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗിൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇരുവരും രണ്ടാം വിക്കറ്റിൽ 189 റൺസാണ് നേടിയത്.

ഗിൽ 92 റൺസ് നേടി ആദ്യം പുറത്തായപ്പോള്‍ വിരാട് കോഹ്‍ലിയെയും അധികം വൈകാതെ ഇന്ത്യയ്ക്ക് നഷ്ടമായി. 88 റൺസായിരുന്നു വിരാട് നേടിയത്. രോഹിത്, ഗിൽ, കോഹ്‍ലി എന്നിവരുടെ വിക്കറ്റ് ദിൽഷന്‍ മധുഷങ്കയാണ് നേടിയത്.

21 റൺസ് നേടിയ കെഎൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നതിന് മുമ്പ് രാഹുല്‍ – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 60 റൺസ് കൂട്ടിചേര്‍ത്തിരുന്നു. രാഹുല്‍ പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന അയ്യര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

12 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി മധുഷങ്ക തന്റെ മത്സരത്തിലെ നാലാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ 276/5 എന്ന നിലയിലായിരുന്നു. 56 പന്തിൽ 82 റൺസുമായി ശ്രേയസ്സ് അയ്യര്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തുവെങ്കിലും താരത്തെ പുറത്താക്കി മധുഷങ്ക അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 57 റൺസാണ് ആറാം വിക്കറ്റിൽ അയ്യര്‍ – ജഡേജ കൂട്ടുകെട്ട് നേടിയത്.

24 പന്തിൽ 35 റൺസ് നേടി രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ തിളങ്ങിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടി.

Exit mobile version