അണ്ടർ 17 ലോകകപ്പ്; കിരീടം ഉയർത്തി ജർമനി, ഷൂട് ഔട്ടിൽ ഫ്രാൻസിനെ വീഴ്ത്തി

Nihal Basheer

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട അണ്ടർ 17 ലോകകപ്പ് ഫൈനലിൽ അവസാന ചിരി ജർമനിയുടെത്. ഓൾ യുറോപ്യൻ ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയാണ് ജർമനി ലോക കിരീടം ഉയർത്തിയത്. രണ്ടു ഗോൾ ലീഡുമായി മുൻപേ കുതിച്ച ജർമനിക്കെതിരെ തിരിച്ചു വരവ് നടത്താൻ ഫ്രാൻസിന് ആയെങ്കിലും മനസാന്നിധ്യം വിടാതെ പെനാൽറ്റിയുടെ പരീക്ഷണത്തെ നേരിട്ട ജർമനി ഒടുവിൽ മത്സരം സ്വന്തമാക്കുകയായിരുന്നു.
20231202 200037
മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമൻ ആധിപത്യം ആയിരുന്നെങ്കിൽ രണ്ടാം പകുതി ഫ്രാൻസ് തങ്ങളുടേതാക്കി മാറ്റി. 29ആം മിനിറ്റിൽ ബ്രുണ്ണറിലൂടെ ജർമനി ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ജർമനി മികച്ച കൗണ്ടർ നീക്കങ്ങളിലൂടെ അവസരങ്ങൾ തുറന്നെടുത്തപ്പോൾ ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ ലക്ഷ്യബോധമില്ലാതെ അവസാനിച്ചു. ബോക്സിനുള്ളിലേക്ക് കയറി ബോബ്രെ തൊടുത്ത ഷോട്ട് ആയിരുന്നു ഫ്രാൻസിന്റെ ഏറ്റവും മികച്ച അവസരം. എന്നാൽ ജർമൻ കീപ്പർ കൃത്യമായ സേവുമായി ടീമിനെ കാത്തു.

രണ്ടാം പകുതി ആരംഭിച്ച് 51ആം മിനിറ്റിൽ തന്നെ പ്ലേ മേക്കർ നോവ ദാർവിഷ് ജർമനിയുടെ ലീഡ് ഇരട്ടി ആകിയതോടെ മത്സരം അവരുടെ വഴിക്കെന്ന് തോന്നിച്ചു. എന്നാൽ വെറും രണ്ടു മിനിറ്റിനു ശേഷം ബോബ്രെ ഫ്രാൻസിന് വേണ്ടി ഒരു ഗോൾ മടക്കിയതോടെ മത്സരത്തിന്റെ ഗതി തന്നെ മാറി. ഫ്രാൻസ് സർവ്വ ശക്തിയും എടുത്തു സമനില ഗോളിനായി ഇരമ്പിയാർത്തു. ജർമനി മുഴുവനായും തങ്ങളുടെ പകുതിയിൽ മാത്രം തമ്പടിച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 69ആം മിനിറ്റിൽ ഓസാവെ ചുവപ്പ് കാർഡ് കണ്ടതോടെ ജർമനിക്ക് വീണ്ടും തിരിച്ചടി ഏറ്റു. ഒടുവിൽ 85ആം മിനിറ്റിൽ അമോഗോവിലൂടെ ഫ്രാൻസ് സമനില ഗോൾ നേടുക തന്നെ ചെയ്തു. ബോക്സിലേക്ക് കയറി ഗോമിസ് നൽകിയ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരിച്ചു വിടേണ്ട ചുമതലയെ താരത്തിന് ഉണ്ടായുള്ളൂ. പിന്നീട് ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

പെനാൽറ്റി ഷൂട് ഔട്ടിൽ ആദ്യ കിക്ക് തന്നെ സേവ് ചെയ്തു കൊണ്ട് കീപ്പർ ഫ്രാൻസിന് മുൻതൂക്കം നൽകി. എന്നാൽ ഫ്രാൻസിന്റെ മൂന്നാം കിക്ക് പൊസിറ്റിലിടിച്ചു മടങ്ങിയപ്പോൾ നാലാം കിക്ക് കീപ്പർ കൈക്കലാക്കി. ജർമനിയുടെ അവസാന കിക്കും തട്ടിയകറ്റി കീപ്പർ മത്സരം സഡൻ ഡത്തിലേക്ക് നീട്ടി. പിന്നീട് ഫ്രാൻസിന്റെ ശ്രമം കീപ്പർ തടഞ്ഞപ്പോൾ അനായാസം ലക്ഷ്യം കണ്ട ജർമനി കപ്പുയർത്തി.