ജർമ്മനിയും സ്പെയിനും ഇന്ന് ഖത്തറിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ പിറന്നത് ഒരു ആവേശ സമനില. നല്ല അറ്റാക്കിംഗ് ഫുട്ബോൾ കണ്ട മത്സരം 1-1 നിലയിൽ ആണ് അവസാനിച്ചത്. വിജയം വേണമായിരുന്നു എങ്കിലും ഈ സമനിലയും ജർമ്മനിയുടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തും. സ്പെയിനും പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇനി അവസാന മത്സരം വരെ കാത്തുനിൽക്കേണ്ടി വരും.
ഗ്രൂപ്പ് ഇയിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ആവേശകരമായ തുടക്കമാണ് അൽ ബൈത് സ്റ്റേഡിയത്തിൽ ലഭിച്ചത്. മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ സ്പെയിന് ക്ലൊയർ കട്ട് അവസരം ലഭിച്ചു . ഗവിയും അസൻസിയോയും ചേർന്ന് നടത്തിയ മുന്നേറ്റം ഡാനി ഒൽമോയിലേക്ക് എത്തി. ഓൽമോയുടെ ഷോട്ട് നോയറും ഒപ്പം ഗോൾ പോസ്റ്റും വേണ്ടി വന്നു ഗോളിൽ നിന്ന് അകറ്റി നിർത്താൻ.
തുടക്കത്തിലും ആദ്യ പകുതിയിലും പന്ത് അധികവും സ്പെയിനിന്റെ കാലിൽ ആയിരുന്നു. 24 മിനുട്ടിലാണ് ജർമ്മനിയുടെ ആദ്യ നല്ല അവസരം വരുന്നത്. സ്പാനിഷ് ഗോൾ കീപ്പൻ ഉനായ് സിമൺ നൽകിയ പാസ് നേരെ എത്തിയ ഗ്നാബറിയിൽ ആയിരുന്നു. അദ്ദേഹം തൊടുത്ത ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല.
33ആം മിനുട്ടിൽ സ്പെയിൻ ഇടതു വിങ്ങിലൂടെ നല്ല അവസരം സൃഷ്ടിച്ചു. ഫെറാൻ ടോറസിന് ഗോളടിക്കാനുള്ള അവസരം ഉണ്ടായി. ടോറസിന്റെ ഇടം കാലൻ ഷോട്ട് നൂയറിന്റെയും ഗോൾ പോസ്റ്റിന്റെയും മുകളിലൂടെ പുറത്ത് പോയി. ഈ നീക്കം പിന്നീട് ഓഫ്സൈഡ് ആണെന്ന് ഫ്ലാഗ് ഉയർന്നു എങ്കിലും നല്ല നീക്കമായുരുന്നു.
39ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് റൂദിഗർ ജർമ്മനിക്കായി ഗോൾ നേടി. പക്ഷെ ആഹ്ലാദിക്കും മുമ്പ് തന്നെ വാർ ഓഫ്സൈഡ് ആണെന്ന് വിധിച്ചു. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിലും ആവേശം ചോർന്നില്ല. 56ആം മിനുട്ടിൽ ഒരു തവണ കൂടെ സ്പാനിഷ് കീപ്പർ ഉനായ് സിമന്റെ പാസ് പാളി. അതിൽ പിറന്ന അവസരം മുതലെടുത്ത് കിമ്മിച് തൊടുത്ത ഷോട്ട് സിമൺ തന്നെ തടഞ്ഞു രക്ഷിച്ചു.
62ആം മിനുട്ടിൽ ആണ് കളിയിൽ ഏവരും കാത്തു നിന്ന ഗോൾ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ആൽബ നൽകിയ ക്രോസ് ആൽവാരോ മൊറാട്ട ഫ്രണ്ട് പോസ്റ്റിക് വെച്ച് ഒരു ഫ്ലിക്കോടെ വലയിലേക്ക് തിരിച്ചുവിട്ടു. നൂയറിനെ കാഴ്ചക്കാരനാക്കി സ്പെയിൻ ഒരു ഗോളിന് മുന്നിൽ. മൊറാട്ട സബ്ബായി എത്തിയിട്ട് 8 മിനുട്ടേ ആയിട്ടുണ്ടായിരുന്നുള്ളൂ ആ ഗോൾ പിറക്കുമ്പോൾ.
ഇതിനു പിന്നാലെ 66ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ ഉള്ള അവസരം സ്പെയിന് ലഭിച്ചു. പെനാൾട്ടി ബോക്സിക് ഫ്രീ സ്പേസ് കണ്ടെത്തിയ അസൻസിയോ തിരിക്കു പിടിച്ച് ഷോട്ട് എടുത്തത് കൊണ്ട് മാത്രം ആ ഗോൾ പിറന്നില്ല.
ജർമ്മനി ഒരുപാട് മാറ്റങ്ങൾ വരുത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. 74ആം മിനുട്ടിൽ ജമാൽ മുസിയാലക്ക് കിട്ടിയ സുവർണ്ണാവസരം താരം നേരെ ഗോൾ കീപ്പർക്ക് നേരെയാണ് അടിച്ചത്. സ്കോർ 1-0 എന്ന് തന്നെ നിന്നു.
84ആം മിനുട്ടിൽ ജർമ്മനി സമനില ഗോൾ കണ്ടെത്തി. സബ്ബായി എത്തിയ ഫുൾകർഗിന്റെ സ്ട്രൈക്ക് ആണ് ജർമ്മനിയെ സ്പെയിന് ഒപ്പം എത്തിച്ചത്. വെർഡർബ്രമന്റെ താരം തോടുത്ത ഷോട്ട് ഒരു ഗോൾ കീപ്പർക്കും തടയാൻ ആകാത്ത അത്ര പവർഫുൾ ആയിരുന്നു.
ഇതിനു ശേഷം വിജയിക്കാൻ ഇരു ടീമുകളും ആഞ്ഞു ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. ഈ സമനിലയോടെ സ്പെയിൻ 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റിൽ എത്തി. ഒരു പോയിന്റ് ആണ് ജർമ്മനിക്ക് ഉള്ളത്. ജർമ്മനി അവസാന മത്സരത്തിൽ കോസ്റ്റാറിക്കയെ നേരിടും. സ്പെയിൻ ജപ്പാനെയും നേരിടും.