ഖത്തർ ലോകകപ്പിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ജർമ്മൻ ടീം. തങ്ങൾക്ക് ‘വൺ ലവ്’ ആം ബാന്റ് നിഷേധിച്ചത് അടക്കമുള്ള വിഷയത്തിൽ ആണ് ജർമ്മനി തങ്ങളുടെ പ്രതിഷേധം ടീം ഫോട്ടോക്ക് ആയി അണിനിരന്നപ്പോൾ വ്യക്തമാക്കിയത്. വായയിൽ കൈ വച്ചു കൊണ്ടു മറച്ചാണ് എല്ലാ ജർമ്മൻ താരങ്ങളും ഫോട്ടോ എടുക്കാൻ അണിനിരന്നത്. ഈ പ്രതിഷേധം ഉയർത്തിയ ജർമ്മൻ ടീമിന്റെ നടപടിയിൽ ഫിഫ എന്തെങ്കിലും നടപടി എടുക്കുമോ എന്നു കണ്ടറിയാം.
ഇത് ഒരു രാഷ്ട്രീയ സന്ദേശം അല്ല എന്നാൽ മനുഷ്യാവകാശങ്ങൾ അനുവദിക്കാതിരിക്കാൻ സമ്മതിക്കില്ല. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഉണ്ടാവേണ്ടത് ആണ് എന്നാൽ ഇവിടെ അത് അല്ല നടന്നത്. അതിനാൽ തന്നെ ഈ സന്ദേശവും പ്രതിഷേധവും തങ്ങൾക്ക് പ്രധാനപ്പെട്ടത് ആണ്. ഞങ്ങൾക്ക് ആം ബാന്റ് നിഷേധിച്ച നടപടി ഞങ്ങളുടെ വായ മൂടി കെട്ടിയ പോലെയാണ് അതിനാൽ തന്നെ ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് ജർമ്മൻ ടീം മത്സരത്തിന് മുമ്പ് പുറത്ത് വിട്ട സന്ദേശം.