പോർട്ടോയിൽ ചെൽസിക്കൊപ്പം തോമസ് ടൂഹൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഉയർത്തി. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഒജർമ്മൻ പരിശീലകർ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കുന്നത്. ആദ്യം 2018 ലിവർപൂളിനെ കിരീടത്തിലേക്ക് നയിച്ച് ജർഗൻ ക്ലോപ്പാണ് ഈ നേട്ടത്തിന് തുടക്കമിട്ടത്. പിന്നാലെ 2019-20 സീസണിൽ യൂറോപ്യൻ ട്രെബിളിലേക്ക് ബയേൺ മ്യൂണിക്കിനെ നയിച്ച് ഹാൻസി ഫ്ലിക്കും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം സ്വന്തമാക്കി. യൂറോപ്യൻ ഫുട്ബോളിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുകയാണ് ഈ ജർമ്മൻ പരിശീലകർ ചെയ്തത്.
2001 മുതൽ 2008 വരെ 7 വർഷം ബുണ്ടസ് ലീഗ ക്ലബ്ബായ മയിൻസിനെ പരിശീലിപ്പിച്ചാണ് യുറോപ്യൻ ഫുട്ബോളിലേക്ക് ക്ലോപ്പ് വരവറിയിച്ചത്. പിന്നീട് ബൊറുസിയ ഡോർട്ട്മുണ്ടിന് ബുണ്ടസ് ലീഗയും ക്ലബ്ബ് ചരിത്രത്തിലെ ആദ്യ ഡൊമസ്റ്റിക് ഡബിളും 2011-12 സീസണിൽ നേടിക്കൊടുത്തു. 2012-13 സീസണിൽ ഓൾ ജർമ്മൻ ഫൈനലിലെ റണ്ണേഴ്സ് അപ്പ് കൂടിയായിരുന്നു ഡോർട്ട്മുണ്ട്. 2015ലാണ് ജർമ്മനി വിട്ട് ക്ലോപ്പ് ലിവർപൂളിൽ എത്തുന്നത്. 2017-18സീസണിൽ ഫൈനലിൽ നഷ്ടപ്പെട്ട കിരീടം അടുത്ത സീസണിൽ ക്ലോപ്പ് വീണ്ടെടുത്തു. 2018-19 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗും 2019-20 സീസണിൽ പ്രീമിയർ ലീഗും ലിവർപൂളിന് ക്ലോപ്പ് നേടിക്കൊടുത്തു.
ക്ലോപ്പിന്റെ പിൻഗാമിയായിട്ടാണ് മയിൻസിലേക്ക് തോമസ് ടൂഹൽ എത്തുന്നത്. ക്ലോപ്പ് ബൊറുസിയ ഡോർട്ട്മുണ്ട് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തോമസ് ടൂഹൽ ക്ലബ്ബിന്റെ പരിശീലകനായി. ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പ് ഡോർട്ട്മുണ്ടിന് നേടിക്കൊടുക്കാൻ ടൂഹലിനായി. പിന്നീട് പിഎസ്ജിയുടെ പരിശീലകനായ ടൂഹൽ ഫ്രാൻസിൽ കീരീടങ്ങൾ നേടി. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ഫൈനലിൽ എത്തിക്കാൻ ടൂഹലിന് സാധിക്കുകയും ചെയ്തു. മറ്റൊരു ജർമ്മൻ പരിശീലകനായ ഹാൽസി ഫ്ലിക്കിന്റെ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടെങ്കിലും ഈ സീസണിൽ ചെൽസിക്കൊപ്പം ടൂഹൽ കിരീടം തിരികെപ്പിടിച്ചു.
അതേ സമയം മുൻ ബയേൺ താരം കൂടിയായ ഹാൻസി ഫ്ലിക്ക് കഴിഞ്ഞ സീസണിൽ റെക്കോർഡുകൾ കാറ്റിൽ പറത്തി ആറ് കിരീടങ്ങളാണ് നേടിയത്. നീണ്ട 8 വർഷം ലോകകപ്പ് അടക്കം നേടിയ ജർമ്മൻ ദേശീയ ടീമിന്റെ സഹ പരിശീലകനായിരുന്നു ഫ്ലിക്ക്. ബയേൺ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ഫ്ലിക്ക് യൂറോ കപ്പിന് ശേഷം ജർമ്മൻ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.