ഐപിഎല്‍ നടത്തിപ്പിനെക്കുറിച്ച് ബിസിസിഐ അധികാരികളുമായുള്ള ചര്‍ച്ച സൗരവ് ഗാംഗുലി ഏപ്രില്‍ 13ന് നടത്തുമെന്നാണ് ഐപിഎലുമായി ബന്ധപ്പെട്ട് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. ഐപിഎല്‍ നേരത്തെ നിശ്ചയിച്ചത് മാര്‍ച്ച് 29 മുതല്‍ മേയ് 24 വരെയായിരുന്നുവെങ്കിലും കൊറോണ മൂലം ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 വരെയായിരുന്നതിനാല്‍ തല്‍ക്കാലം ഐപിഎല്‍ നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഇപ്പോള്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടുവാന്‍ തീരുമാനിച്ചതോടെ ടൂര്‍ണ്ണമെന്റ് ഇപ്പോള്‍ നടത്താനാകുമോ എന്നത് തന്നെ സംശയത്തിലായിരിക്കുകയാണ്. ഇപ്പോള്‍ ഒരു കായിക ഇനവും നടത്തുവാനുള്ള സാഹചര്യം അല്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുള്ളത്.
ലഭിയ്ക്കുന്ന വിവര പ്രകാരം ഏപ്രില്‍ 13ന് നടക്കുന്ന ചര്‍ച്ചയില്‍ ഇത്തവണ ഐപിഎല്‍ ഉപേക്ഷിക്കുക എന്ന തീരുമാനത്തിലാവും ബിസിസിഐ എത്തുകയെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. എയര്‍പ്പോര്‍ട്ടുകള്‍ അടച്ചതും ആളുകള്‍ വീട്ടില്‍ അടച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഐപിഎല്‍ എന്നല്ല ലോകത്തില്‍ ഒരു കായിക ഇനവും നടത്താന്‍ പറ്റിയ സാഹചര്യം അല്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്.