ആറ്റിങ്ങല്‍ സിസിയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ഫ്രണ്ട്സ് സിസിയ്ക്ക് 11 റണ്‍സിന്റെ വിജയം. ഇന്ന് സെലസ്റ്റിയല്‍ ട്രോഫിയുടെ ഭാഗമായി നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഫ്രണ്ട്സ് സിസി 25.5 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് 174 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ആറ്റിങ്ങല്‍ സിസിയ്ക്ക് 26 ഓവറില്‍ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സേ നേടാനായുള്ളു. അവസാന ഓവറില്‍ വിജയിക്കുവാന്‍ 15 റണ്‍സ് നേടേണ്ടിയിരുന്ന ആറ്റിങ്ങലിന് ഓവറില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളു.
37 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ ശ്രീകേഷിന്റെ വിക്കറ്റ് 25ാം ഓവറില്‍ നഷ്ടമായതാണ് ആറ്റിങ്ങലിന് തിരിച്ചടിയായത്. 24ാം ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 17 റണ്‍സ് നേടി ലക്ഷ്യം രണ്ടോവറില്‍ 18 റണ്‍സ് ആക്കി ശ്രീകേഷ് മാറ്റിയെങ്കിലും അക്ഷയ് സിഎസ് താരത്തെ പുറത്താക്കുകയായിരുന്നു. കൃഷ്ണദേവ് 21 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദിലീപ് 24 റണ്‍സ് ആറ്റിങ്ങല്‍ സിസിയ്ക്കായി നേടി. ബൗളിംഗില്‍ ഫ്രണ്ട്സിന് വേണ്ടി വിശാഖ് മൂന്ന് വിക്കറ്റും ശ്യാം കുമാര്‍ അക്ഷയ് സിഎസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഫ്രണ്ട്സ് സിസി ഓപ്പണര്‍ അക്ഷയ് സിസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് 174 റണ്‍സിലേക്ക് എത്തിയത്. 56 പന്തില്‍ നിന്ന് പത്ത് ഫോറും 5 സിക്സും സഹിതമാണ് അക്ഷയ് തന്റെ 86 റണ്‍സ് നേടിയത്. ഷിനു(27), ശ്യാം കുമാര്‍(34) എന്നിവരാണ് ടീമിന്റെ മറ്റു സ്കോറര്‍മാര്‍. ആറ്റിങ്ങലിന് വേണ്ടി ദിലീപ് അഞ്ച് വിക്കറ്റ് പ്രകടനവുമായി ബൗളിംഗില്‍ മികച്ച് നിന്നു.