കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി ഗ്രീക്ക് താരവും അഞ്ചാം സീഡുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. ഫ്രഞ്ച് ഓപ്പൺ സെമിയിൽ എത്തുന്ന ആദ്യ ഗ്രീക്ക് താരം ആണ് സ്റ്റിസ്റ്റിപാസ്. ക്വാർട്ടർ ഫൈനലിൽ 13 സീഡ് ആയ റഷ്യൻ യുവ താരം ആന്ദ്ര റൂബ്ലേവിനെ ആണ് സ്റ്റിസ്റ്റിപാസ് മറികടന്നത്. ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഹാമ്പർഗ് ഓപ്പൺ ഫൈനലിലെ തോൽവിക്ക് ഇതോടെ സ്റ്റിസ്റ്റിപാസ് പ്രതികാരം ചെയ്തു. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. നന്നായി സർവീസ് ചെയ്ത സ്റ്റിസ്റ്റിപാസ് ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും റൂബ്ലേവിന്റെ സർവീസ് 5 തവണയാണ് ബ്രൈക്ക് ചെയ്തത്.
ആദ്യ സെറ്റിൽ മികച്ച പോരാട്ടം കാഴ്ച വച്ച റൂബ്ലേവിനെ 7-5 നു മറികടന്നു സെറ്റ് കയ്യിലാക്കിയ സ്റ്റിസ്റ്റിപാസ് പിന്നീട് വലിയ അവസരം ഒന്നും റഷ്യൻ താരത്തിന് നൽകിയില്ല. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും നേടിയ സ്റ്റിസ്റ്റിപാസ് തന്റെ ആദ്യ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. തോറ്റെങ്കിലും 2020 തിൽ മികവ് തുടരുന്ന യുവ റഷ്യൻ താരത്തെ സംബന്ധിച്ച് ക്വാർട്ടർ ഫൈനൽ പ്രവേശനം നല്ല നേട്ടം തന്നെയാണ്. സെമിയിൽ ഒന്നാം സീഡ് ആയ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് ആണ് സ്റ്റിസ്റ്റിപാസിന്റെ എതിരാളി.