ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ ഒരു ഫൈനൽ

റോളണ്ട് ഗാരോസിൽ ഫ്രഞ്ച് ഓപ്പൺ നാലാം റൗണ്ട്‌ കളികൾ ഇനിയും കഴിയാനുണ്ട്. ഈ റൗണ്ടിൽ തന്നെ ഇന്നുള്ള കളികൾ ആവേശകരമായ ടെന്നീസ് പ്രദർശനം കാഴ്ചവയ്ക്കുന്നതാണ്. പക്ഷെ ടെന്നീസ് അനുവാചകർ ഇപ്പോൾ ഉറ്റു നോക്കുന്നത് നാളത്തെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളെയാണ്.

ഉറപ്പായ ഈ രണ്ട് ക്വാർട്ടർ മത്സരങ്ങളും ഒരു ടെന്നീസ് സ്നേഹിയെ സംബന്ധിച്ചു കളിയുടെ പെരുന്നാളാണ്. സ്വെറെവ് ആദ്യ ക്വാർട്ടറിൽ അൽക്കറാസിനെ നേരിടുമ്പോൾ, നാലാം ക്വാർട്ടറിൽ കിംഗ്‌ ഓഫ് ക്ലേ നദാലിനെ നേരിടുന്നത് ജോക്കോവിച്ചാണ്. ഇതിൽ ഏതാകും ആവേശകരം എന്നു ചോദിച്ചാൽ ബുദ്ധിമുട്ടാകും. സ്വെറെവ്-അൽക്കറാസ് കളിയിൽ തീ പാറും എന്ന കാര്യത്തിൽ സംശയമില്ല, പക്ഷെ ഞാൻ സംശയമന്യേ പറയും ജോക്കോ-നദാൽ കളിയാണ് ഉത്തമം, ഉദ്വേഗജനകം എന്ന്.
20220530 125433
ടെന്നീസിൽ എക്കാലത്തെയും മികച്ച രണ്ട് കളിക്കാർ, തമ്മിൽ ചരിത്രം ഏറെയുള്ള വ്യക്തികൾ, കണക്കുകൾ ഇനിയും തീർക്കാൻ ബാക്കിയുള്ള രണ്ട് പേർ, റെക്കോർഡുകൾ കാക്കാനും തിരുത്താനും ആഗ്രഹിക്കുന്ന പ്ലെയേഴ്‌സ്..ഇങ്ങനെ പരസ്പരം ഒരുപാട് കഥകൾ പിണഞ്ഞു കിടക്കുന്ന ടെന്നീസ് ഇതിഹാസങ്ങളാണ് രണ്ട് പേരും. ഒരു ഫൈനൽ പ്രതീതി ഉണർത്താൻ സാധ്യതയുള്ള കളിയാകും, പ്രവചിക്കാൻ സാധ്യമല്ല.

ടൂർണമെന്റിൽ ഇതു വരെ ഒരു സെറ്റും നഷ്ടപ്പെടുത്താതെ കളിച്ച ജോക്കോവിച്ചിനു മുൻതൂക്കം നൽകാൻ മുതിർന്നാൽ, ഫൈവ് സെറ്റർ കളികളുടെ ആശാനായ നദാലിനെ കുറച്ചു കാണുന്നതായി പോകും. 21 ഗ്രാൻഡ്സ്ലാം നേടിയ നദാലിനെ തോൽപ്പിച്ചു ഒപ്പത്തിനൊപ്പം എത്താൻ ശ്രമിക്കുന്ന ജോക്കോവിച്ചിന്, 13 ഫ്രഞ്ച് ഓപ്പൺ വിജയിച്ച നദാലിനെ മൺ കോർട്ടിൽ തോൽപ്പിച്ചു താൻ ഒരു ഹാർഡ് കോർട്ട് കളിക്കാരൻ മാത്രമല്ല എന്നു തെളിയിക്കാൻ കൂടിയുള്ള അവസരമാണ്. ഇതിന് മുൻപ് രണ്ട് ഫ്രഞ്ച് ഓപ്പൺ നേടിയ ജോക്കോ, പാരിസിൽ നദാലിനെ തോല്പിച്ചിട്ടുള്ള ചുരുക്കം കളിക്കാരിൽ ഒരാളാണ്.

നദാലിനെ സംബന്ധിച്ച്, സമയവും പരിക്കുകളും ഒരു പ്രശ്നമാണ്. അടുത്ത കൊല്ലം എത്ര കളിക്കാൻ സാധിക്കും എന്നു പറയാൻ കഴിയില്ല. ഇത് നന്നായറിവുന്ന നദാൽ തന്റെ ഓരോ കളിയും, ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ എന്ന മട്ടിൽ ആണ് കളിക്കുന്നത്. ഒരു ഗ്രാൻഡ്സ്ലാം കൂടി നേടി തന്റെ പുറകെയുള്ള ഫെഡററെയും, ജോക്കോവിച്ചിനെയും രണ്ടടി അകലത്തിൽ നിറുത്താനാകും നദാൽ ശ്രമിക്കുക.

ഇതൊക്കെ കൊണ്ട് തന്നെ ഈ കൊല്ലത്തെ മികച്ച ടെന്നീസ് മാച്ചുകളിൽ ഒന്നാകും നാളത്തെ ഈ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ എന്ന കാര്യത്തിൽ സംശയമില്ല. രണ്ടിൽ ഒരാൾക്ക് ഫൈനൽ കളിയാകും എന്നുറപ്പുള്ള ക്വാർട്ടറിലെ ഈ കളി, ഒരു ഫൈനലിന്റെ പ്രതീതി കാണികളിൽ ഉണ്ടാക്കിയാൽ അതിശയിക്കാനില്ല.