ലോക ചാമ്പ്യന്മാർ തന്നെ!! ജർമ്മനിയെ തോൽപ്പിച്ച് ഫ്രഞ്ച് പട തുടങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പിൽ ആദ്യ മത്സരത്തിൽ തന്നെ വലിയ കടമ്പ സമർത്ഥമായി മറികടന്നിരിക്കുകയാണ് ഫ്രാൻസ്. ഇന്ന് ജർമ്മനിയെ അവരുടെ തട്ടകത്തിൽ വെച്ച് നേരിട്ട ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഒരു ഗോളിന് മാത്രമാണ് ജയിച്ചത് എങ്കിലും ജർമ്മൻ നിരയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ഫ്രാൻസ് ഇന്ന് നടത്തിയത്.

ലോക ചാമ്പ്യന്മാരും മുൻ ലോക ചാമ്പ്യന്മാരും നേർക്കുനേർ വന്ന മത്സരം തുടക്കം മുതൽ ആവേശകരമായിരുന്നു. ജർമ്മനി കൂടുതൽ സമയം പന്തു കൈവശം വെച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ഫ്രാംസ് ആയിരുന്നു. 16ആം മിനുട്ടിൽ എമ്പപ്പെയുടെ ഒരു ഷോട്ടായിരുന്നു ആദ്യ ഗോളിലേക്കുള്ള ഷോട്ട് അത് സമർത്ഥമായി നൂയർ തടഞ്ഞു. 20ആം മിനുട്ടിൽ പക്ഷെ ഒരു സെൽഫ് ഗോൾ നൂയറിനെ കീഴ്പ്പെടുത്തി.

പോഗ്ബയുടെ പുറംകാലു കൊണ്ടുള്ള ഒരു ഗംഭീര പാസ് ഫുൾബാക്കായ തിയോ ഹെർണാണ്ടസിനെ കണ്ടെത്തി. ഹെർണാണ്ടസ് ഗോൾ മുഖത്തേക്ക് തിരിച്ചുകിട്ട പന്ത് ഡിഫൻഡ് ചെയ്യുന്നതിനിടയിൽ ജർമ്മൻ സെന്റർ ബാക്കായ ഹമ്മൽസ് സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിച്ചു. 22ആം മിനുട്ടിൽ മുള്ളറിനും 38ആം മിനുട്ടിൽ ഗുണ്ടോഗനും ഗോൾ മടക്കാൻ അവസരം കിട്ടി എങ്കിലും രണ്ട് ശ്രമങ്ങളും ടാർഗറ്റിൽ പോലും എത്തിയില്ല.

41ആം മിനുട്ടിൽ പോഗ്ബ നൽകിയ ഒരു ലോബ് പാസ് ബെൻസീമയെ കണ്ടെത്തി എങ്കിലും താരം ഷോട്ട് എടുക്കാൻ വൈകിയത് സ്കോർ 1-0ൽ നിർത്തി. രണ്ടാം പകുതിയിലും ഇരുടീമുകളും അറ്റാക്ക് ചെയ്യുന്നത് തുടർന്നു. 52ആം മിനുട്ടിൽ എമ്പപ്പെയുടെ പാസ് സ്വീകരിച്ച് ഗോൾ മുഖത്ത് എത്തിയ യുവന്റസ് മിഡ്ഫീൽഡർ റാബിയോ എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്.

ഇതിനു തൊട്ടു പിന്നാലെ ജർമ്മനിക്കും നല്ല അവസരം കിട്ടി. പെനാൾട്ടി ബോക്സിനുള്ളിൽ നിന്ന് കിട്ടിയ തുറന്നവസരം മുതലാക്കാൻ പക്ഷെ ബയേണിന്റെ ഗ്നാബറിക്കായില്ല. 66ആം മിനുട്ടിൽ എമ്പപ്പെ മനോഹരമായ രീതിയിൽ ഫ്രാൻസിനായി വലകുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് താരത്തിന്റെ ആഹ്ലാദം പകുതിക്ക് വെച്ച് നിർത്തി. കളിയുടെ 84ആം മിനുട്ടിൽ ബെൻസീമയും ഫ്രാൻസിനായി വല കുലുക്കി. പക്ഷെ ബെൻസീമയുടെ ഗോളിന്റെ ബിൽഡപ്പിൽ എമ്പപ്പെ ഓഫ് സൈഡ് ആയതു കൊണ്ട് ആ ഗോളും നിഷേധിച്ചു.

ഒരു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ എന്നത് മാത്രമാകും ദെഷാംസിന്റെയും ഫ്രാൻസിന്റെയും ഇന്നത്തെ നിരാശ. ഇനി ഗ്രൂപ്പിൽ ഹംഗറിയും പോർച്ചുഗലുമാണ് ഫ്രാൻസിന്റെ എതിരാളികൾ.