പ്രീമിയർ ലീഗിൽ ഇന്ന് കണ്ടത് അത്യപൂർവ്വ കാഴ്ച ആണ്. നാലു ഗോൾ അടിച്ച ഒരു താരവും നാല് അസിസ്റ്റ് നൽകിയ താരവും ഒക്കെ ഒരു കളിയിൽ ഉണ്ടാവുക എന്നത് എപ്പോഴും കാണുന്ന കാര്യമല്ല. ഇന്ന് ടോട്ടനം സൗത്താമ്പ്ടൺ മത്സരത്തിൽ ആണ് സ്പർസ് അറ്റാക്കിംഗ് താരങ്ങളായ ഹാരി കെയ്നും സോണും തമ്മിൽ ഈ അപൂർവ്വ കൂട്ടുകെട്ട് കണ്ടത്. സൗതാമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച സ്പർസ് 5-2ന്റെ വിജയമാണ് സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ ഇംഗ്സിന്റെ സ്ട്രൈക്കിലൂടെ ആയിരുന്നു സൗതാമ്പ്ടൺ ലീഡ് എടുത്തത്. പക്ഷെ ആ ഗോളൊടെ സ്പർസിന്റെ അറ്റാക്ക് ഉണർന്നു. പിന്നെയാണ് കെയ്നും സോണും കൂടെ സൗതാപ്ടണെ തകർത്തത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് കെയ്നിന്റെ പാസിൽ നിന്ന് സോൺ സ്പർസിന്റെ ആദ്യ ഗോൾ നേടി. സമനില നൽകി. പിന്നീട് 47, 64, 73 മിനുട്ടുകളിൽ ഇതേ കെയ്ൻ പാസ് നൽകി ഇതേ സോൺ ഗോളടിച്ചു. 73 മിനുട്ട് കഴിഞ്ഞപ്പോൾ സ്പർസ് 4-1ന് മുന്നിൽ. കെയ്നിന് നാല് അസിസ്റ്റ്, സോണിന് നാല് ഗോളുകൾ.
ഇതോടെ തന്നെ തകർന്ന സൗതാമ്പ്ടന്റെ വലയിൽ 82ആം മിനുട്ടിൽ കെയ്നിന്റെ വക അഞ്ചാം ഗോളും വന്നു. 90ആം മിനുട്ടിൽ ഇംഗ്സിന്റെ പെനാൾട്ടി സൗതാമ്പ്ടണ് അവരുടെ രണ്ടാം ഗോൾ നൽകി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആകുമായിരുന്നില്ല.