വിരാട് കോഹ്‌ലിയെ ചെറുപ്രായത്തിൽ തന്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യം : കെയ്ൻ വില്യംസൺ

Staff Reporter

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ചെറുപ്രായത്തിൽ തന്നെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ചെറുപ്രായത്തിൽ തന്നെ പരസ്പരം കളിക്കാൻ പറ്റിയെന്നും അതുകൊണ്ട് തന്നെ വിരാട് കോഹ്‌ലിയുടെ വളർച്ച കാണാൻ പറ്റിയെന്നും കെയ്ൻ വില്യംസൺ പറഞ്ഞു.

സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെയ്ൻ വില്യംസൺ. ശാരീരികമായി ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ക്രിക്കറ്റിനെ കുറിച്ചുള്ള ചില കാഴ്ചപാടുകൾ പങ്കുവെക്കുകയും അതിൽ ചില സാമ്യതകൾ വിരാട് കോഹ്‌ലിയുമായി ഉണ്ടായിട്ടുണ്ടെന്നും കെയ്ൻ വില്യംസൺ പറഞ്ഞു.

2008ൽ മലേഷ്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിലാണ് വിരാട് കോഹ്‌ലിയും കെയ്ൻ വില്യംസണും ആദ്യമായി പരസ്പരം ഏറ്റുമുട്ടിയത്. അന്ന് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ സെമി ഫൈനലിൽ കെയ്ൻ വില്യംസന്റെ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു.